20 August, 2026 01:26:36 PM
അനുമതിയില്ലാതെ വിദേശയാത്ര; ഡിജിപി എസ്. ശ്രീജിത്തിനെതിരെ വിജിലന്‍സ് അന്വേഷണമില്ല

കൊച്ചി: മുന്‍കൂട്ടി അനുമതി ഇല്ലാതെ വിദേശയാത്ര നടത്തിയെന്ന പരാതിയില്‍ ഡിജിപി എസ് ശ്രീജിത്തിനെതിരെ വിജിലന്‍സ് അന്വേഷണമില്ല. വിജിലന്‍സ് അന്വേഷണ ആവശ്യം സര്‍ക്കാര്‍ തള്ളി. വിജിലന്‍സ് അന്വേഷണം ആവശ്യമില്ലെന്ന് ആഭ്യന്തര സെക്രട്ടറി ഹൈക്കോടതിയെ അറിയിച്ചു. അഡീഷണല്‍ ചീഫ് സെക്രട്ടറി മിന്‍ഹാജ് ആലം ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായാണ് വിശദീകരണം നല്‍കിയത്. ഇപ്പോള്‍ അന്വേഷണം ആവശ്യമില്ലെന്ന് ആഭ്യന്തര വകുപ്പ് സെക്രട്ടറി അറിയിച്ചപ്പോള്‍ പിന്നെ എപ്പോഴാണ് വിജിലന്‍സ് അന്വേഷണം എന്ന് ഹൈക്കോടതി ചോദിച്ചു. എന്തുകൊണ്ടാണ് ഉറച്ച തീരുമാനം ഇല്ലാത്തതെന്നും ഹൈക്കോടതി ചോദിച്ചു.
മിന്‍ഹാജ് ആലത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് ഹൈക്കോടതി ഉന്നയിച്ചത്. ഹൈക്കോടതി വില്ലേജ് ഓഫീസ് ആണോ തഹസില്‍ദാര്‍ ഓഫീസ് ആണോയെന്ന് കോടതി ചോദിച്ചു. സാവകാശം തേടാന്‍ ക്ലര്‍ക്കിന്റെ കയ്യിലാണോ അപേക്ഷ കൊടുത്തയക്കുന്നത്. എന്തുകൊണ്ട് ആഭ്യന്തര സെക്രട്ടറി നേരിട്ട് അപേക്ഷ നല്‍കിയില്ല. സംസ്ഥാനത്തെ ഏറ്റവും വലിയ ഭരണഘടനാ കോടതിയാണിതെന്നും ഹൈക്കോടതി ഓര്‍മ്മിപ്പിച്ചു. സംസ്ഥാന സര്‍ക്കാരിലെ ഏറ്റവും സുപ്രധാന സ്ഥാനത്താണ് താങ്കള്‍ ഇരിക്കുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കി. വിജിലന്‍സ് അന്വേഷണത്തില്‍ തീരുമാനം അറിയിക്കാന്‍ ജൂനിയര്‍ ഉദ്യോഗസ്ഥനെ നിയോഗിച്ച് സാവകാശം തേടിയതിലാണ് കോടതിയുടെ വിമര്‍ശനം.
ഡിജിപി ശ്രീജിത്ത് മുന്‍കൂട്ടി അനുമതിയില്ലാതെ വിദേശയാത്ര നടത്തി, യൂണിഫോം ധരിച്ച് യുഎഇയില്‍ സ്വകാര്യസ്ഥാപനത്തിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുത്തു, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായിരിക്കെ അഴിമതി നടത്തി തുടങ്ങി ഗുരുതര ആരോപണങ്ങളിലാണ് ശ്രീജിത്തിനെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്.


