07 September, 2026 05:23:49 PM


കരുവാറ്റ വയോധികന്റെ കൊലപാതകം; പ്രതികളായ മൂന്ന് ആണ്‍കുട്ടികളെ കസ്റ്റഡിയില്‍ വിട്ടു



ആലപ്പുഴ: കരുവാറ്റയിൽ വയോധികരെ കൗമാരക്കാർ കൊലപ്പെടുത്തിയ കേസിൽ അസാധാരണ നടപടിയുമായി ആലപ്പുഴ ജുവനൈല്‍ കോടതി. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് ആണ്‍കുട്ടികളെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പൊലീസ് കസ്റ്റഡിയില്‍ വിടാനുള്ള വ്യവസ്ഥ ജുവനൈല്‍ ജസ്റ്റിസ് നിയമത്തിൽ ഇല്ലെന്നും അത്തരത്തിലുള്ള മുന്‍ കോടതിവിധികള്‍ ഇല്ലെന്നുമുള്ള വാദം തള്ളിയാണ് കോടതിയുടെ അസാധാരണ നടപടി.

13 വയസ്സുകാരി ഉള്‍പ്പെടെ മുഴുവന്‍ പേരും മൈനര്‍ ആയ കൊലകേസ് അപൂര്‍വത്തില്‍ അപൂര്‍വമാണെന്നും കുട്ടികളുടെ കസ്റ്റഡി വിവരങ്ങള്‍ അതീവ രഹസ്യമായിരിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. കര്‍ശന വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് മൂന്ന് പേരുടെയും കസ്റ്റഡി അപേക്ഷ കോടതി അംഗീകരിച്ചത്. കേരളത്തിലെ ആദ്യത്തെ വിധിയാണിത്. അതേസമയം, പെണ്‍കുട്ടിയെ ചോദ്യം ചെയ്യാനുള്ള അപേക്ഷ പിന്നീട് പരിഗണിക്കാനായി മാറ്റി.

ഡല്‍ഹി നിര്‍ഭയകേസില്‍ പോലും പ്രായപൂര്‍ത്തിയാകാത്ത പ്രതികളെ കസ്റ്റഡിയില്‍ വിടുന്ന നടപടി കോടതി സ്വീകരിച്ചിട്ടില്ല. എന്നാല്‍ ഈ കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്നും ഒന്നില്‍ കൂടുതല്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടുന്ന കേസാണിതെന്നും കോടതി നിരീക്ഷിച്ചു. ജെ ജെ ആക്ടില്‍ പൊലീസ് കസ്റ്റഡിയെ പറ്റി പ്രത്യേക വ്യവസ്ഥ ഇല്ല. കുട്ടികളെ പൊലീസ് ലോക്കപ്പിലും ജയിലിലും പാര്‍പ്പിക്കരുത് എന്ന് മാത്രമാണ് ജെജെ ആക്ട് വ്യവസ്ഥയിലുള്ളതെന്നും ആലപ്പുഴ ജുവനൈല്‍ കോടതി പറഞ്ഞു. 

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പ്രത്യേക കേന്ദ്രത്തില്‍ വച്ച് ചോദ്യം ചെയ്യുന്നതിനും മൊഴി രേഖപ്പെടുത്തുന്നതിനും തെളിവെടുപ്പ് നടത്തുന്നതിനും പാടില്ല എന്നുള്ള വ്യവസ്ഥയില്ല. ദൃക്‌സാക്ഷികള്‍ ഇല്ലാത്ത, അടച്ചിട്ട വീട്ടില്‍ അര്‍ദ്ധരാത്രിയില്‍ നടത്തിയ കൊലപാതകത്തില്‍, കുട്ടികള്‍ മാത്രം ഉള്‍പ്പെടുന്ന കേസായതിനാല്‍ കുട്ടികളെ തെളിവെടുപ്പിന് വിട്ടുകിട്ടിയില്ലെങ്കില്‍ കേസ് ദുര്‍ബലപ്പെടുമെന്നും പ്രോസിക്യൂഷന്‍ കോടതിയെ ധരിപ്പിച്ചു. 

കുട്ടികളെ ദുരുപയോഗം ചെയ്തു കൊലപാതകം നടത്തിയാല്‍, നിയമ പരിരക്ഷ കിട്ടില്ല എന്ന സന്ദേശമാണ് ഈ വിധിയെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. കേസില്‍ പ്രധാന ആസൂത്രണം നടത്തിയെന്ന കുറ്റാരോപിതയായ 13 വയസ്സുകാരി പെണ്‍കുട്ടിയെ പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടില്ല. മൊഴിയെടുക്കാന്‍ മാത്രമാണ് അനുമതി ചോദിച്ചിട്ടുള്ളത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 309