06 September, 2026 05:11:57 PM
ചെന്നൈയില്‍ ടിവികെ പ്രാദേശിക നേതാവിനെ വെട്ടിക്കൊന്നു

ചെന്നൈ: ചെന്നൈയില്‍ ടിവികെ പ്രാദേശിക നേതാവിനെ വെട്ടിക്കൊന്നു. ചെന്നൈക്കടുത്ത് അഡയാറില്‍ ആണ് കൊലപാതകം നടന്നത്. തമിഴ്നാട് പൊലീസിന്റെ ക്രിമിനല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട കണ്ണന്‍ ആണ് കൊല്ലപ്പെട്ടത്. എഐഎഡിഎംകെ വിട്ടാണ് കണ്ണന്‍ ടിവികെയില്‍ സജീവമായത്. ശിവ എന്നയാളുടെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രതികാരം എന്നാണ് നിഗമനം. 2009-ലെ ശിവ കൊലപാതകത്തില്‍ കണ്ണന് പങ്കുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. പൊലീസിന്റെ ബി കാറ്റഗറി ക്രിമിനല്‍ റെക്കോര്‍ഡില്‍ ഉള്‍പ്പെട്ട ആളാണ് കൊല്ലപ്പെട്ട കണ്ണന്‍.
2009-ല്‍ കൊല്ലപ്പെട്ട ശിവയുടെ മരുമകന്റെ നേതൃത്വത്തിലുള്ള ഒരു സംഘമാണ് ഇന്നലെ രാത്രി കണ്ണനെ വെട്ടിക്കൊലപ്പെടുത്തിയത്. പിന്നീട് പ്രതികള്‍ ഒളിവില്‍ പോയി. പ്രതികളെ പിടികൂടാന്‍ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കണ്ണന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഇന്‍ക്വസ്റ്റിനും പോസ്റ്റ്മോര്‍ട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.


