28 July, 2026 07:56:07 PM
പ്ലസ് വൺ വിദ്യാർഥിയുടെ തലയിൽ കല്ലുകൊണ്ട് അടിച്ചെന്ന് പരാതി; 6 പേർക്ക് സസ്പെൻഷൻ

കണ്ണൂർ: സ്കൂളിൽ റാഗിംഗിന്റെ പേരിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് നേരെ സീനിയർ വിദ്യാർത്ഥികളുടെ ക്രൂരമർദ്ദനം. കണ്ണൂരിലെ സ്കൂളിലെ 16 വയസ്സുള്ള പ്ലസ് വൺ വിദ്യാർത്ഥിക്കാണ് മർദ്ദനമേറ്റത്. ആക്രമണത്തിൽ വിദ്യാർത്ഥിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. സീനിയർ വിദ്യാർത്ഥികൾ കല്ല് ഉപയോഗിച്ച് തന്റെ തലയ്ക്കടിക്കുകയായിരുന്നുവെന്ന് പരിക്കേറ്റ പതിനാറുകാരൻ വെളിപ്പെടുത്തി. സ്കൂൾ സമയത്തായിരുന്നു അതിക്രമം നടന്നത്.
പരിക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ വിദ്യാർത്ഥിയുടെ ബന്ധുക്കൾ പോലീസിൽ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. സംഭവം വിവാദമായതോടെ സ്കൂൾ അധികൃതരും വിഷയത്തിൽ കർശന നടപടിയെടുത്തു. റാഗിംഗിൽ പങ്കാളികളായ 6 പ്ലസ് ടു വിദ്യാർത്ഥികളെ സ്കൂളിൽ നിന്നും ഉടനടി സസ്പെൻഡ് ചെയ്തതായി അധ്യാപകർ അറിയിച്ചു.


