21 July, 2026 03:58:47 PM


കിളിമാനൂരില്‍ അച്ഛനെയും മകനെയും തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവം; മുഖ്യപ്രതി പിടിയില്‍



തിരുവനന്തപുരം: കിളിമാനൂരില്‍ അച്ഛനെയും മകനെയും തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രധാന പ്രതി പിടിയില്‍. മുഖ്യപ്രതി സുധീഷ് ആണ് പിടിയിലായത്. കൊല്ലം ചിതറയില്‍ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. രാവിലെ മറ്റു മൂന്നു പ്രതികളേയും ചിതറയില്‍ നിന്ന് പിടികൂടിയിരുന്നു. ലാല്‍ കൃഷ്ണ, ആരോമല്‍, അരുണ്‍ എന്നീ പ്രതികളെയാണ് രാവിലെ പിടികൂടിയത്. ഈ സംഭവം ആസൂത്രണം ചെയ്തത് ഇപ്പോള്‍ അറസ്റ്റിലായ സുധീഷ് ആണെന്നാണ് പൊലീസ് പറയുന്നത്.

ചിതറയിലെ ഒരു ആളൊഴിഞ്ഞ വീട്ടില്‍ പ്രതികള്‍ മൂന്ന് ദിവസമായി ഒളിച്ച് താമസിക്കുകയായിരുന്നു. ഇന്നലെ ചിതറ പൊലീസും പ്രദേശവാസികളും ചേര്‍ന്ന് ഇവര്‍ക്കായി പരിശോധന നടത്തിയിരുന്നു. പൊലീസ് എത്തുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുധീഷ് രാവിലെ താമസിച്ചിരുന്നിടത്ത് നിന്ന് മാറിയിരുന്നു. പിന്നാലെ മറ്റ് മൂന്ന് പേരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഇയാള്‍ പിടിയിലായിരിക്കുന്നത്. ചിതറ പൊലീസ് സ്‌റ്റേഷനിലെത്തിച്ച പ്രതികളെ കിളിമാനൂര്‍ പൊലീസിന് കൈമാറും. ആറ്റിങ്ങല്‍ ഡിവൈഎസ്പി സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസില്‍ അന്വേഷണം നടത്തുന്നത്.

കഴിഞ്ഞ ദിവസമായിരുന്നു വര്‍ക്കലയില്‍ അച്ഛനെയും മകനെയും പ്രതികള്‍ തട്ടിക്കൊണ്ടുപോയത്. വടശ്ശേരിക്കോണം സ്വദേശികളാണ് ആക്രമണത്തിനിരയായത്. നഗരൂരിലെ പണിതീരാത്ത വീട്ടില്‍ വെച്ച് തടങ്കലിലാക്കി മര്‍ദ്ദിച്ച ശേഷം ഇവരെ ഉപേക്ഷിക്കുകയായിരുന്നു. പിന്നാലെ മകളെ വിവാഹം കഴിച്ചു നല്‍കാത്തതിലെ വിരോധമാണ് ഇവരെ കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതെന്നായിരുന്നു പൊലീസ് കണ്ടെത്തല്‍.

ഇവരെ ചങ്ങലയ്ക്ക് കെട്ടി മുറിക്കുള്ളില്‍ പൂട്ടിയിടുകയായിരുന്നു. ജോലി നല്‍കാമെന്ന് പറഞ്ഞാണ് അനില്‍കുമാറിനെ വിളിച്ചു വരുത്തിയത്. വീട്ടില്‍ നിന്ന് നാടന്‍ ബോംബുകള്‍, തോക്ക്, ചങ്ങലകള്‍ മറ്റ് മാരകായുധങ്ങള്‍ എന്നിവ കണ്ടെത്തിയിരുന്നു. അനില്‍കുമാറിന്റെ ഭാര്യയെയും അപായപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. മകന്‍ അച്ചുവാണ് നഗരൂര്‍ പൊലീസിനെ വിവരം അറിയിച്ചത്. പരിക്കേറ്റ അനില്‍കുമാറിനെയും അച്ചുവിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 934