01 September, 2026 03:35:07 PM


ഗാർഹിക പീഡനകേസ് ഏറ്റെടുത്തതിനു വീട് കയറി ആക്രമിച്ചു; അഭിഭാഷകന്‍റെ പിതാവിന് ദാരുണാന്ത്യം



കൊച്ചി: അഭിഭാഷകന്റെ വീടുകയറിയുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. കൊച്ചി വൈപ്പിന്‍ മുരുക്കുംപാടം സ്വദേശി മോഹന്‍ദാസ് ആണ് മരിച്ചത്. അഭിഭാഷകനായ ഡോള്‍ഗോയുടെ കക്ഷിയുടെ ഭര്‍ത്താവാണ് അദ്ദേഹത്തിന്റെ പിതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. ആക്രമണത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മോഹന്‍ദാസ്. അഭിഭാഷകനായ ഡോള്‍ഗോയോടുള്ള വിരോധത്തിലാണ് പിതാവിന് നേരെ ആക്രമണം നടത്തിയത്.

സംഭവത്തില്‍ പുതുവൈപ്പ് സ്വദേശികളായ ഡസ്റ്റര്‍, ഡൈനാസ്റ്റര്‍ എന്നിവരെ നേരത്തെ പോലീസ് പിടികൂടിയിരുന്നു. ഇവര്‍ക്കെതിരെ കൊലപാതക കുറ്റം കൂടി ചുമത്തും. കഴിഞ്ഞമാസം പതിമൂന്നാം തീയതിയാണ് കേസിനാസ്പദമായ ആക്രമണം നടന്നത്. അന്ന് മുതല്‍ മോഹന്‍ദാസ് ആശുപത്രിയിലായിരുന്നു. ഡൈനാസ്റ്ററിന്റെ ഭാര്യ നല്‍കിയ ഗാർഹിക പീഡന കേസില്‍ വക്കാലത്തെടുത്ത് കോടതിയില്‍ ഹാജരായതോടെയാണ് പ്രതികള്‍ അഭിഭാഷകനെ ഭീഷണിപ്പെടുത്തിയത്. എന്നാല്‍ കേസുമായി മുന്നോട്ട് പോയതോടെ വീടുകയറി ആക്രമണം നടത്തി. മോഹന്‍ദാസിനെയും ഭാര്യയെയും ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ തടയുന്നതിനിടെയാണ് മോഹന്‍ദാസിന് ഗുരുതര പരിക്കേറ്റത്. പ്രതികള്‍ മോഹന്‍ദാസിനെ കഴുത്തില്‍ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു.

അഭിഭാഷകന്റെ വീടുകയറിയുണ്ടായ ആക്രമണത്തില്‍ അന്ന് അഭിഭാഷകര്‍ കോടതി ബഹിഷ്‌ക്കരിച്ച് പ്രതിഷേധിച്ചിരുന്നു. എറണാകുളം ജില്ലാ ബാര്‍ അസോസിയേഷനിലടക്കം വലിയ പ്രതിഷേധമാണ് നടന്നത്. പ്രതികള്‍ക്കെതിരെ വധശ്രമത്തിനായിരുന്നു നേരത്തെ കേസെടുത്തിരുന്നത്. എന്നാല്‍ മോഹന്‍ദാസ് മരണപ്പെട്ടതോടെ പ്രതികള്‍ക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തുമെന്ന് അറിയിച്ചിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 933