05 September, 2026 09:14:28 AM


മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമം; രക്ഷകരായി തെരുവുനായ്ക്കൾ



ചെന്നൈ: തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ മാനസിക വെല്ലുവിളി നേരിടുന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമം. കഴിഞ്ഞദിവസം പുലര്‍ച്ചെയായിരുന്നു സംഭവം. ദേശീയപാതയില്‍ കോയമ്പത്തൂര്‍ തുടിയല്ലൂര്‍ ഭാഗത്ത് റെയില്‍വെ പാലത്തിന് താഴെയുള്ള പ്രദേശത്ത് റോഡരികില്‍ കിടക്കുകയായിരുന്നു യുവതി. ഇതുവഴി കടന്നുപോയ പ്രതി യുവതിയെ കണ്ടതോടെ അവിടെ നിന്നു. തുടര്‍ന്ന് പരിസരത്ത് മറ്റാരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം യുവതിക്ക് നേരെ നീങ്ങുകയായിരുന്നു. ഇയാളെ കണ്ടതോടെ യുവതി പരിഭ്രമിച്ച് ഒച്ചവെച്ചെങ്കിലും രക്ഷിക്കാനായി അവിടെ ആരും ഉണ്ടായിരുന്നില്ല. റോഡില്‍ രണ്ട് തെരുവുനായ്ക്കള്‍ മാത്രമാണ് ഉണ്ടായിരുന്നത്. യുവതി അക്രമിയെ തടയാന്‍ ശ്രമിച്ചെങ്കിലും അവര്‍ക്ക് പൊരുതി നില്‍ക്കാനായില്ല. ഈ സമയമാണ് തെരുവുനായ്ക്കള്‍ രക്ഷകരായത്.

യുവതിയ ആക്രമിക്കുന്നത് തടയാനായി നായ്ക്കള്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അക്രമിക്ക് നേരെ ഒരു നായ കുരച്ച് ചാടുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നിട്ടും അക്രമി പിന്‍തിരിയാത്തതിനെ തുടര്‍ന്ന് നായ്ക്കള്‍ കടിച്ചോടിക്കുകയാണ് ഉണ്ടായത്. യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മദ്യലഹരിയിലാണ് പ്രതി യുവതിയെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. യുവതിക്ക് തെരുവുനായ്ക്കള്‍ രക്ഷകരാകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വൈറലാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 925