27 August, 2026 12:23:42 PM
ഡൽഹിയിൽ 21കാരി വീട്ടിൽ കുത്തേറ്റ് മരിച്ച നിലയിൽ; ജിം ട്രെയിനർക്കായി തിരച്ചിൽ

ന്യൂഡൽഹി: തിലക് നഗറിൽ 21-കാരിയായ വിദ്യാർത്ഥിനിയും മോഡലുമായ മുസ്കാൻ വാടകവീട്ടിൽ വെച്ച് കുത്തേറ്റ് കൊല്ലപ്പെട്ടു. ബുധനാഴ്ച വെസ്റ്റ് ഡൽഹിയിലെ ന്യൂ മഹാവീർ നഗറിലുള്ള വീടിന്റെ രണ്ടാം നിലയിൽ മുസ്കാൻ ഒറ്റയ്ക്കുള്ളപ്പോഴാണ് സംഭവം. പെൺകുട്ടിയെ ഗുരുതരമായി കുത്തിപ്പരിക്കേൽപ്പിച്ച ശേഷം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.
മുസ്കാന്റെ നിലവിളി കേട്ട് ഓടിയെത്തിയ അയൽക്കാരാണ് രക്തത്തിൽ കുളിച്ചുകിടന്ന പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. സംഭവത്തിൽ പെൺകുട്ടിയുടെ ജിം ട്രെയിനറായ ഇമ്രാൻ എന്നയാൾക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇയാൾ നിലവിൽ ഒളിവിലാണ്.
മുസ്കാന്റെ സഹോദരൻ ആകാശും സുഹൃത്തുക്കളും നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇമ്രാനിലേക്ക് അന്വേഷണം നീണ്ടത്. ഇമ്രാൻ മുൻപും മുസ്കാനെ ശല്യം ചെയ്തിരുന്നതായി പെൺകുട്ടിയുടെ സഹോദരിമാർ പറഞ്ഞതായി സുഹൃത്തായ അമൻ മാധ്യമങ്ങളോട് വ്യക്തമാക്കി. പ്രതിയെ പിടികൂടാനായി പ്രത്യേക പോലീസ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും സമീപപ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും അഡീഷണൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അഭിഷേക് ഗുപ്ത അറിയിച്ചു.


