29 July, 2026 06:35:44 PM
സൗജന്യമായി മീന്‍ നല്‍കാത്തതിന് വയോധികന് ക്രൂരമര്‍ദനം; 'തീക്കട്ട ബൈജു' അറസ്റ്റില്‍

കൊച്ചി: ഫോര്‍ട്ടുകൊച്ചിയില്‍ സൗജന്യമായി മത്സ്യം നല്‍കാന്‍ വിസമ്മതിച്ച 66കാരനായ മത്സ്യക്കച്ചവടക്കാരന് ക്രൂര മര്‍ദ്ദനം. തുരുത്തി സ്വദേശിയായ ഹനീഫിനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ കൊച്ചിയില്‍ നിരവധി കേസുകളില്‍ പ്രതിയായ 'തീക്കട്ട ബൈജു' എന്ന ബൈജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
സൗജന്യമായി മത്സ്യം നല്‍കില്ലെന്ന് വ്യക്തമാക്കിയതോടെ അക്രമി ഹനീഫിന്റെ മുഖത്തടിക്കുകയായിരുന്നു. അടികൊണ്ട് നിലത്തുവീണ വയോധികന്റെ തലയ്ക്ക് കരിങ്കല്ല് ഉപയോഗിച്ച് ഇടിക്കുകയും ചെയ്തു. ക്രൂരമായ ആക്രമണത്തില്‍ വയോധികന് ഗുരുതര പരിക്കേറ്റു.
ഹനീഫ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കൊലപാതക ശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് ബൈജുവിനെ അറസ്റ്റ് ചെയ്തത്. അക്രമി തന്നെ നിരന്തരം ഭീഷണിപ്പെടുത്താറുണ്ടെന്നും അസഭ്യം പറഞ്ഞാണ് ആക്രമിച്ചതെന്നും ഹനീഫ് വ്യക്തമാക്കി. ബോട്ടിന്റെ മോട്ടര്‍ നശിപ്പിച്ചതടക്കം നിരവധി കുറ്റകൃത്യങ്ങളില്‍ മുമ്പും പ്രതിയായ ആളാണ് ബൈജു.


