30 August, 2026 08:11:33 PM
തമിഴ്‌നാട്ടിൽ നിയന്ത്രണം വിട്ട വാൻ പാഞ്ഞുകയറി നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം

ധര്‍മപുരി: തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം. റോഡരികില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. അമിതവേഗത്തിലെത്തിയ മില്‍ക് വാന്‍ ഇടിയ്ക്കുകയായിരുന്നു.ഡ്രൈവര്‍ ശരവണകുമാറിനെ വടമധുരൈ പൊലിസ് അറസ്റ്റ് ചെയ്തു. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് അപകടം. ബന്ധുവിനൊപ്പം ആടുമേയ്ക്കാനായി എത്തിയ കുട്ടികള്‍ റോഡരികില്‍ കളിയ്ക്കുകയായിരുന്നു. അമിത വേഗത്തിലെത്തിയ മില്‍ക് വാന്‍ നിയന്ത്രണം വിട്ട് കുട്ടികളെ ഇടിച്ചു തെറിപ്പിച്ച് നിര്‍ത്താതെ പോയി. കുട്ടികള്‍ നാലുപേരും സംഭവ സ്ഥലത്തു തന്നെ മരിച്ചു. സമീപത്തുണ്ടായിരുന്ന വ്യക്തിയ്ക്കും ഗുരുതരപരുക്കേറ്റു. ഇയാളെയും അപകടം കണ്ട് ബോധരഹിതരായ കുട്ടികളുടെ ബന്ധു അഞ്ചമ്മാളിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടമുണ്ടാക്കി നിര്‍ത്താതെ പോയ വാഹനം പൊലിസ് പിന്നീട് കണ്ടെത്തി. രക്ഷപ്പെടാന്‍ ശ്രമിച്ച ഡ്രൈവര്‍ ശരവണകുമാറിനെ അറസ്റ്റ് ചെയ്തു. മനപൂര്‍വമല്ലാത്ത നരഹത്യ, അമിത വേഗം, അപകടകരമായി വാഹനമോടിയ്ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഡ്രൈവറെ അറസ്റ്റ് ചെയ്തത്.


