04 August, 2026 01:33:09 PM
ഫരീദാബാദിൽ അധ്യാപികയെ സ്കൂളിൽ വച്ച് 21കാരൻ കുത്തിക്കൊലപ്പെടുത്തി

ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദിൽ സ്വകാര്യ സ്കൂളിൽ കയറിയ മുഖംമൂടി ധരിച്ച യുവാവ് അധ്യാപികയെ കുത്തിക്കൊലപ്പെടുത്തി. സിക്രോണ ഗ്രാമത്തിലെ സ്വകാര്യ സ്കൂളിൽ അധ്യാപികയായിരുന്ന 29-കാരി സന്ധ്യയാണ് കൊല്ലപ്പെട്ടത്. പ്രതി കോട്ട് വില്ലേജ് സ്വദേശി അമിത്തിനെ (21) മണിക്കൂറുകൾക്കകം അറസ്റ്റ് ചെയ്തു. സ്കൂളിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ആക്രമണ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവം വലിയ ഞെട്ടലുണ്ടാക്കി.
തിങ്കളാഴ്ച രാവിലെ സ്കൂളിലെത്തിയ യുവാവ് സന്ധ്യയെ കാണണമെന്ന് ആവശ്യപ്പെട്ടതായാണ് വിവരം. ഇയാളെ കാണാനായി അധ്യാപിക സ്കൂളിന്റെ പ്രവേശന കവാടത്തിലേക്ക് എത്തിയതോടെ ആക്രമണം ആരംഭിച്ചു. മുഖംമൂടി ധരിച്ചിരുന്ന പ്രതി അധ്യാപികയുടെ കഴുത്തിൽ പിടിച്ച് പുറത്തേക്ക് വലിച്ചിഴച്ചശേഷം കത്തികൊണ്ട് തുടർച്ചയായി ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
സിസിടിവി ദൃശ്യങ്ങൾ പ്രകാരം, ആക്രമണം ഏകദേശം 30 സെക്കൻഡ് നീണ്ടുനിന്നു. ഈ സമയത്തിനിടെ പ്രതി സന്ധ്യയെ 34 തവണ കുത്തിയെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. മുഖം, കഴുത്ത്, നെഞ്ച് എന്നിവിടങ്ങളിൽ ഗുരുതരമായി പരിക്കേറ്റ അധ്യാപിക നിലത്തുവീണ ശേഷവും പ്രതി ആക്രമണം തുടർന്നതായി ദൃശ്യങ്ങളിൽ കാണാം.
അധ്യാപികയുടെ നിലവിളി കേട്ട് സ്കൂൾ അഡ്മിനിസ്ട്രേറ്റർ സംഭവസ്ഥലത്തേക്ക് ഓടിയെത്തി പ്രതിയെ തടയാൻ ശ്രമിച്ചു. എന്നാൽ കത്തിയുമായി ഇയാൾ അഡ്മിനിസ്ട്രേറ്റർക്കുനേരെയും തിരിഞ്ഞതോടെ ഇടപെടാൻ കഴിഞ്ഞില്ല. തുടർന്ന് വീണ്ടും സന്ധ്യയെ ആക്രമിച്ച പ്രതി നമ്പർ പ്ലേറ്റില്ലാത്ത ഇരുചക്രവാഹനത്തിൽ സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. വിദ്യാലയത്തിലെ സിസിടിവി ക്യാമറകളിൽ പതിഞ്ഞ അക്രമത്തിന്റെ ദൃശ്യങ്ങളിൽനിന്ന് പ്രതിയെ തിരിച്ചറിഞ്ഞ പോലീസ് ഇയാളെ മണിക്കൂറുകൾക്കകം കസ്റ്റഡിയിലെടുത്തു.


