03 August, 2026 06:34:33 PM
ഹെലികോപ്റ്റർ യാത്ര ഔദ്യോഗിക ആവശ്യത്തിന്; സർക്കാരിന് നഷ്ടമുണ്ടായിട്ടില്ല- മുഖ്യമന്ത്രി

തിരുവനന്തപുരം: ഹെലികോപ്റ്റർ, വിരുന്ന് വിവാദങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. ഹെലികോപ്റ്റർ ഉപയോഗിച്ചത് വ്യക്തിപരമായ ആവശ്യങ്ങൾക്കല്ലെന്നും കൊച്ചിയിലെത്തിയ ഒരു ഇൻവെസ്റ്റ്‌മെന്റ് ഗ്രൂപ്പിനെ കാണാനാണെന്നും അദ്ദേഹം വിശദീകരിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രിയെ കണ്ടശേഷം കൊച്ചിയിലെത്തിയ ഈ സംഘത്തിന് ഞായറാഴ്ച ഡൽഹിയിലേക്ക് മടങ്ങേണ്ടതുണ്ടായിരുന്നു. കേരളത്തിലേക്ക് നിക്ഷേപം കൊണ്ടുവരാൻ തമിഴ്‌നാട് ശ്രമിക്കുന്നതിനിടയിൽ താൻ അവരെ കാണാതിരിക്കുന്നത് സംസ്ഥാനത്തിന് ദോഷകരമാകുമെന്ന് കരുതിയാണ് ഹെലികോപ്റ്റർ യാത്ര നടത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി. വന്ദേ ഭാരതിന് പോകാനായിരുന്നു ആദ്യം തീരുമാനിച്ചതെങ്കിലും സമയക്കുറവ് മൂലമാണ് പ്ലാൻ മാറ്റിയത്.
ഹെലികോപ്റ്റർ ഉപയോഗിച്ചതിലൂടെ സർക്കാരിന് ഒരു രൂപയുടെ പോലും അധികച്ചെലവ് ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിമാസം 80 ലക്ഷം രൂപ വാടക നൽകി 25 മണിക്കൂർ സൗജന്യമായി പറക്കാൻ കരാറുള്ള ഹെലികോപ്റ്ററാണ് താൻ ഉപയോഗിച്ചത്. ഈ 25 മണിക്കൂർ ഉപയോഗിച്ചില്ലെങ്കിലും സർക്കാരിന് 80 ലക്ഷം രൂപ നൽകേണ്ടതുണ്ട്. ഈ സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയോ മന്ത്രിമാരോ വളരെ കുറഞ്ഞ മണിക്കൂറുകൾ മാത്രമാണ് ഇത് ഉപയോഗിച്ചിട്ടുള്ളതെന്നും അതിനാൽ സാമ്പത്തിക നഷ്ടത്തിന്റെ ചോദ്യമേ ഉദിക്കുന്നില്ലെന്നും അദ്ദേഹം വാദിച്ചു.
സംസ്ഥാനം പ്രളയക്കെടുതി നേരിടുമ്പോൾ വിരുന്നിൽ പങ്കെടുത്തുവെന്ന പേരിൽ മാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണങ്ങൾ അതീവഹീനവും മര്യാദകേടുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാവിലെ അഞ്ചു മണി മുതൽതന്നെ റവന്യൂ മന്ത്രിയെയും ചീഫ് സെക്രട്ടറിയെയും ജില്ലാ കളക്ടർമാരെയും ബന്ധപ്പെട്ട് സ്ഥിതിഗതികൾ വിലയിരുത്തിയെന്നും എല്ലാ മന്ത്രിമാരും എംഎൽഎമാരും സ്ഥലത്തുണ്ടായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. അന്നേദിവസം മൂന്ന് മണിക്കാണ് താൻ ഭക്ഷണം കഴിച്ചെതന്നും അദ്ദേഹം വ്യക്തമാക്കി. 2018ലെ പ്രളയകാലത്ത് അന്നത്തെ മുഖ്യമന്ത്രി നിരാഹാരമായിരുന്നു എന്ന് തനിക്കറിയില്ലായിരുന്നു എന്ന് അദ്ദേഹം പരിഹസിച്ചു. ഒരു മുഖ്യമന്ത്രി ഭക്ഷണം കഴിക്കാൻ പാടില്ലെന്ന് ഇപ്പോഴാണ് മനസ്സിലായതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.


