28 July, 2026 01:18:29 PM


ശബരിമല സ്വർണക്കൊള്ള; പി എസ് പ്രശാന്തിനെയും എ അജികുമാറിനെയും കസ്റ്റഡിയിൽ വിട്ടു



കൊല്ലം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ അറസ്റ്റിലായ മുന്‍ ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്തിനേയും ബോര്‍ഡ് ആംഗമായിരുന്ന അജികുമാറിനേയും എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു. ഒരു ദിവസത്തേക്ക് ആണ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. ഇരുവരെയും കൊല്ലം പൊലീസ് ക്ലബ്ബില്‍ വച്ച് ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് നീക്കം. കസ്റ്റഡിയില്‍ വാങ്ങാനുള്ള അപേക്ഷ എസ്‌ഐടി നേരത്തെ നല്‍കിയിരുന്നു.

ഇവരെ കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് വൈദ്യ പരിശോധന നടത്തിയ ശേഷമാണ് പൊലീസ് ക്ലബിലേക്ക് എത്തിക്കുക. 2024-25 ല്‍ ഇവരുടെ ഭരണ കാലഘട്ടത്തില്‍ വലിയ തോതില്‍ സ്വര്‍ണക്കൊള്ള നടന്നു എന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍. 2025ലെ ഇടപാടുകളുമായി ബന്ധപ്പെട്ട നിരവധി രേഖകള്‍ ഇതിനോടകം സന്നിദാനത്ത് നിന്നും ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് നിന്നും പിടിച്ചെടുത്തിരുന്നു. ഇതിനെ അടിസ്ഥാനപ്പെടുത്തി വിശദമായ ചോദ്യാവലി അടക്കം തയ്യാറാക്കിക്കൊണ്ടുള്ള ചോദ്യം ചെയ്യലാണ് നടത്തുന്നത്.

പാളികള്‍ സ്വര്‍ണം പൂശാന്‍ പുറത്തുകൊണ്ടുപോകരുതെന്ന തിരുവാഭരണ കമ്മീഷന്‍ ഓഫീസിലെ സൂപ്രണ്ട് നല്‍കിയ കത്ത് പി എസ് പ്രശാന്ത് അവഗണിച്ചുവെന്ന് കണ്ടെത്തിയിരുന്നു. തിരുവാഭരണവുമായി ബന്ധപ്പെട്ട എല്ലാ ജോലികളും ക്ഷേത്ര വളപ്പില്‍ തന്നെ ചെയ്യണം എന്നായിരുന്നു സൂപ്രണ്ട് നല്‍കിയ കത്ത്. ദേവസ്വം മാനുവല്‍ ഉള്‍പ്പെടെ ചൂണ്ടിക്കാണിച്ചാണ് 2024 ഒക്ടോബറില്‍ കത്ത് നല്‍കിയത്. ഈ നിര്‍ദേശമാണ് അവഗണിച്ചത്. കേസില്‍ പി എസ് പ്രശാന്തിനെയും അജികുമാറിനെയും കഴിഞ്ഞ ആഴ്ചയാണ് എസ്ഐടി സംഘം അറസ്റ്റ് ചെയ്തത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 295