30 July, 2026 10:39:07 AM
മൃഗങ്ങള്‍ക്ക് പോലും താമസിക്കാനാകില്ല- മാനസികാരോഗ്യ കേന്ദ്രത്തിലെ അവസ്ഥയിൽ ഹൈക്കോടതി

കൊച്ചി: തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിന് പിന്നാലെ തൃശ്ശൂർ സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിലെ ദയനീയാവസ്ഥയിലും അമർഷവും ഞെട്ടലും രേഖപ്പെടുത്തി കേരള ഹൈക്കോടതി. കേന്ദ്രത്തിൽ നേരിട്ട് നടത്തിയ മിന്നൽ പരിശോധനയ്ക്ക് പിന്നാലെ, അവിടെ നിലനിൽക്കുന്ന നിഷ്ഠൂരവും മനുഷ്യത്വരഹിതവുമായ സാഹചര്യങ്ങൾ വിവരിക്കാൻ വാക്കുകളില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. മൃഗങ്ങൾക്കുപോലും താമസിക്കാൻ കഴിയുന്ന അവസ്ഥയല്ല. ഒരു ഹൊറർ സിനിമയിലെ പശ്ചാത്തലത്തോട് ഉപമിക്കാവുന്ന തരത്തിലാണ് തൃശ്ശൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിന്റെ അവസ്ഥയെന്ന് കോടതി വിലയിരുത്തി.
കഴിഞ്ഞ ജൂലൈ 26-നാണ് ഹൈക്കോടതി ജഡ്ജിമാർ തൃശ്ശൂരിലെ കേന്ദ്രത്തിൽ നേരിട്ടെത്തി പരിശോധന നടത്തിയത്. രോഗികളെ അടച്ചിട്ടിരിക്കുന്ന ഐസൊലേഷൻ മുറികളെയും 'സെല്ലുകളെയും' കേന്ദ്രീകരിച്ച് രൂക്ഷമായ വിമർശനമാണ് കോടതി ഉന്നയിച്ചത്."പ്രത്യേകിച്ച് ഐസൊലേഷൻ സെല്ലുകളിൽ ഞങ്ങൾ കണ്ട കാഴ്ചകൾ ഏറെ ഞെട്ടിക്കുന്നതും അങ്ങേയറ്റം മനുഷ്യത്വരഹിതവുമാണ്. ഇതിൽ ആരെയും കുറ്റപ്പെടുത്താനില്ല, കാരണം പതിറ്റാണ്ടുകളായി മാറ്റങ്ങളൊന്നും വരുത്താതെ തുടരുന്ന ആസൂത്രിത അനാസ്ഥയുടെ ഫലമാണിത്. ഈ രോഗികൾക്ക് ശബ്ദമില്ല. സാമൂഹിക അപമാന ഭയം കാരണം അവരുടെ ബന്ധുക്കൾക്കും പ്രതികരിക്കാൻ ഭയമാണ്." - കോടതി വിലയിരുത്തി.
ചുവരുകളിൽ പായൽ പിടിച്ചും, പെയിന്റുകൾ ഇളകിമാറിയും കിടക്കുന്ന കെട്ടിടങ്ങൾ ഭയാനകമായ അന്തരീക്ഷമാണ് സൃഷ്ടിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. വായുസഞ്ചാരമില്ലാത്തതും ഇരുണ്ടതുമായ ചെറിയ സെല്ലുകൾ കോളോണിയൽ കാലഘട്ടത്തെ ഓർമ്മിപ്പിക്കുന്നവയാണെന്നും, പലതിലും പ്രാഥമിക കൃത്യങ്ങൾ നിർവ്വഹിക്കാൻ പോലും സ്വകാര്യതയില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു.
ആത്മഹത്യാ പ്രവണതയോ കടുത്ത മാനസിക അസ്വസ്ഥതകളോ കാണിക്കുന്ന രോഗികളെ ഇത്തരം ക്രൂരമായ അടച്ചിട്ട സെല്ലുകളിൽ പാർപ്പിക്കുന്നത് അവരുടെ മാനസികാവസ്ഥ കൂടുതൽ തകരാറിലാക്കാനേ ഉപകരിക്കൂ എന്ന് കോടതി നിരീക്ഷിച്ചു. "ഈ സൗകര്യങ്ങൾക്കുള്ളിൽ കഴിയുന്ന ആളുകൾ നമ്മുടെ തന്നെ അച്ഛനും അമ്മയും സഹോദരങ്ങളും ഭർത്താവുമൊക്കെയാണെന്ന കാര്യം എങ്ങനെ മറക്കാനാകും? നമ്മെപ്പോലെ തന്നെ ഭരണഘടനാപരമായ അവകാശങ്ങൾക്ക് അർഹതയുള്ളവരാണ് അവരും. എന്നാൽ ആധുനിക ലോകത്തിന്റെ വികസനങ്ങളൊന്നും ആ മതിലുകൾക്കുള്ളിൽ കടന്നിട്ടില്ല. പതിറ്റാണ്ടുകൾക്ക് മുൻപ് എങ്ങനെയായിരുന്നോ, അതേ നിഷ്ക്രിയമായ അവസ്ഥയിൽ തന്നെയാണ് ആ സ്ഥാപനം ഇന്നും തടങ്കലിൽ കിടക്കുന്നത്." - ഹൈക്കോടതി വിലയിരുത്തി
സ്ത്രീകളുടെ വാർഡുകളിലാണ് അടിയന്തര ഇടപെടൽ ആവശ്യമെന്ന് ചൂണ്ടിക്കാണിച്ച കോടതി, ക്യാമ്പസിൽ നവീകരിച്ച് ഉപയോഗിക്കാവുന്ന മൂന്ന് കെട്ടിടങ്ങൾ ഒഴിഞ്ഞുകിടക്കുന്നത് ചൂണ്ടിക്കാട്ടി. പണക്കാരായ പൗരന്മാരുടെ കാര്യമായിരുന്നെങ്കിൽ ഈ കെട്ടിടങ്ങൾ ഉടനടി അറ്റകുറ്റപ്പണി നടത്തി ഉപയോഗപ്രദമാക്കുമായിരുന്നുവെന്നും, പാവപ്പെട്ട രോഗികളുടെ കാര്യത്തിൽ അധികൃതരുടെ സമീപനം ഒച്ചിന്റെ വേഗതയേക്കാൾ കഷ്ടമാണെന്നും കോടതി രൂക്ഷമായി വിമർശിച്ചു.
മനുഷ്യാവകാശങ്ങളും ഭരണഘടനാപരമായ മൗലികാവകാശങ്ങളും ഉറപ്പാക്കുന്നതിൽ സർക്കാരിന് യാതൊരു തരത്തിലുള്ള ഒഴികഴിവുകളും പറയാൻ അവകാശമില്ലെന്ന് കോടതി വ്യക്തമാക്കി. ധനപ്രതിസന്ധിയുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടി രോഗികളുടെ അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കാൻ അനുവദിക്കില്ല. തൃശ്ശൂരിലെയും തിരുവനന്തപുരത്തെയും കേന്ദ്രങ്ങളിലെ അടിയന്തര പ്രശ്നങ്ങൾ പരിഹരിക്കാൻ സ്വീകരിച്ച നടപടികൾ വിശദീകരിച്ചുകൊണ്ട് ഓഗസ്റ്റ് 18-നകം സമഗ്രമായ സത്യവാങ്മൂലം സമർപ്പിക്കാൻ സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി നിർദ്ദേശിച്ചു.


