16 December, 2025 12:48:31 PM
വയനാട് തുരങ്കപാത നിര്‍മ്മാണം തുടരാം; പ്രകൃതി സംരക്ഷണ സമിതിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: വയനാട് തുരങ്കപാത നിര്‍മ്മാണം തുടരാമെന്ന് ഹൈക്കോടതി. നിര്‍മ്മാണം തടയണമെന്ന് ആവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണ സമിതി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. വയനാട് തുരങ്കപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ജൂലൈയിലാണ് പ്രകൃതി സംരക്ഷണ സമിതി പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്.
തുരങ്കപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങള്‍ ഒന്നും പാലിച്ചിട്ടില്ല, പല പാരിസ്ഥിക വസ്തുതകളും മറച്ചുവെച്ചുകൊണ്ടാണ് ഇങ്ങനെ ഒരു നിര്‍മ്മാണത്തിലേക്ക് കടന്നത് എന്നതടക്കമുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ച് നിര്‍മ്മാണം തടയണമെന്നാണ് ഹര്‍ജിയിലൂടെ പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടത്. വിഷയത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയച്ച് വാദം പൂര്‍ത്തിയാക്കിയ ശേഷമാണ് വയനാട് തുരങ്കപാത നിര്‍മ്മാണവുമായി മുന്നോട്ടുപോകാമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്.
നടപടിക്രമങ്ങളില്‍ വീഴ്ച ഉണ്ടായിട്ടില്ലെന്നും എല്ലാ പാരിസ്ഥിതിക അനുമതിയും പൂര്‍ത്തിയാക്കിയ ശേഷമാണ് വയനാട് തുരങ്കപാത നിര്‍മ്മാണം ആരംഭിച്ചതെന്നും ഹൈക്കോടതി വ്യക്തമാക്കി. അതിനാല്‍ നിര്‍മ്മാണ പ്രവൃത്തികള്‍ സ്റ്റേ ചെയ്യാന്‍ സാധിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാണിച്ചു. ഹര്‍ജിയുമായി ബന്ധപ്പെട്ട് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഇത് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി നടപടി. കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷനെയാണ് ഇതിന്റെ നിര്‍മ്മാണം ഏല്‍പ്പിച്ചിരിക്കുന്നത്. കൊങ്കണ്‍ പാതയൊക്കേ നിര്‍മ്മിച്ച് കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന് മുന്‍പരിചയം ഉണ്ട് എന്നതടക്കമുള്ള വിഷയങ്ങള്‍ കൂടി കണക്കിലെടുത്താണ് കോടതി ഉത്തരവ്.




