19 January, 2026 10:41:48 AM
ദീപകിന്റെ ആത്മഹത്യ; സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിപ്പിച്ച യുവതിക്കെതിരെ നിയമ നടപടിക്കൊരുങ്ങി കുടുംബം

കോഴിക്കോട്: ബസിൽ വെച്ച് ലൈംഗികാതിക്രമം കാണിച്ചെന്ന് പ്രചാരണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ ആരോപണം ഉന്നയിച്ച യുവതിക്കെതിരെ നിയമനടപടിക്കൊരുങ്ങി യുവാവിന്റെ കുടുംബം. വ്യക്തിഹത്യയെ തുടർന്നുള്ള മാനസിക സമ്മർദം കാരണമാണ് ദീപക് ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. മരണത്തിൽ മെഡിക്കൽ കോളേജ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നീതി കിട്ടും വരെ പോരാടുമെന്നുമാണ് കുടുംബം പറയുന്നത്.
സാമൂഹ്യ മാധ്യമങ്ങളിലൂടെ 18 സെക്കൻഡ് വീഡിയോ ദൃശ്യം പ്രചരിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയത്. കഴിഞ്ഞ വെള്ളിയാഴ്ച കണ്ണൂരിലേക്കുള്ള യാത്രക്കിടെ ബസിൽവെച്ച് ദീപക് അപമര്യാദയായി പെരുമാറിയെന്നായിരുന്നു യുവതിയുടെ പരാതി. ദുരുദ്ദേശ്യത്തോടെ യുവാവ് ശരീരത്തിൽ സ്പർശിച്ചെന്ന് കാണിച്ച് വടകര പൊലീസിൽ പരാതിയും നൽകിയിരുന്നു.
പിന്നാലെ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് യുവതി ദീപകിനെതിരെ സമൂഹമാധ്യമത്തിൽ വീഡിയോ പങ്കുവച്ചിരുന്നു. ഇത് വലിയ രീതിയിൽ പ്രചരിച്ചു. 20 ലക്ഷത്തിലേറെ പേരാണ് വീഡിയോ കണ്ടത്. നിരവധിയാളുകൾ ഇത് പങ്കുവയ്ക്കുകയും ചെയ്തു. വീഡിയോ വൈറലായതോടെ ദീപക്ക് കടുത്ത മാനസിക സമ്മർദത്തിലായിരുന്നു എന്ന് കുടുംബം പറയുന്നു. സമൂഹമാധ്യമങ്ങളിൽ റീച്ച് കൂട്ടുക എന്ന നിലയിലാണ് പെൺകുട്ടി വീഡിയോ ചിത്രീകരിച്ചതെന്നും ദീപകിന്റെ കുടുംബം ആരോപിക്കുന്നു. യുവാവിന്റെ മരണത്തിന് പിന്നാലെ യുവതിക്കെതിരെ സമൂഹമാധ്യമത്തിൽ രൂക്ഷ വിമർശനങ്ങളാണ് ഉയരുന്നത്.




