23 December, 2025 10:09:43 AM
നടിയെ ആക്രമിച്ച കേസ്: അപ്പീൽ നൽകാൻ സർക്കാർ ഉത്തരവായി

കൊച്ചി : കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ വിചാരണാകോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ സർക്കാർ ഉത്തരവായി. ഇന്നലെയാണ് സർക്കാർ അനുമതി നൽകിയത്. ക്രിസ്‍മസ് അവധിക്ക് ശേഷം ഹൈക്കോടതിയിൽ അപ്പീൽ നൽകും. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെയും സ്പെഷ്യൽ പ്രോസിക്യൂട്ടറുടെയും ശിപാർശകൾ സർക്കാർ അംഗീകരിച്ചു.
നടിയെ ആക്രമിച്ച കേസിലെ നിര്‍ണായകമായ ഡിജിറ്റല്‍ തെളിവുകള്‍ തള്ളിയത് നിസ്സാര കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണെന്നാണ് ഡിജിപിയും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടരും ചൂണ്ടിക്കാട്ടുന്നത്. വിധിയിലെ സാങ്കേതികവും നിയമപരവുമായ പിഴവുകള്‍ അപ്പീലില്‍ ചൂണ്ടിക്കാട്ടും. ക്രിസ്മസ് അവധിക്ക് ശേഷം കോടതി തുറക്കുന്നതോടെ അപ്പീല്‍ ഫയല്‍ ചെയ്യാനാണ് നിലവിലെ തീരുമാനം.
കേസില്‍ പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള ആറു പ്രതികള്‍ക്ക് 20 വര്‍ഷം കഠിനതടവ് വിധിച്ചെങ്കിലും ഗൂഢാലോചന കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപ് അടക്കം നാലുപേരെ വിചാരണ കോടതി വെറുതെ വിട്ടത്. എന്നാല്‍, കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ശക്തമായ തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നും ഉയര്‍ന്ന കോടതിയില്‍ ഇത് തെളിയിക്കാന്‍ കഴിയുമെന്നുമാണ് പ്രോസിക്യൂഷന്റെയും അന്വേഷണ സംഘത്തിന്റെയും നിലപാട്.




