28 January, 2026 09:30:33 AM
'മന്ത്രി വി ശിവൻകുട്ടിയെ അധിക്ഷേപിച്ചു'; വി ഡി സതീശനെതിരെ അവകാശ ലംഘന നോട്ടീസ്

തിരുവനന്തപുരം: മന്ത്രി വി ശിവൻകുട്ടിയെ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ അവകാശ ലംഘന നോട്ടീസ്. വി ജോയ് എംഎൽഎയാണ് സ്പീക്കർ എ എൻ ഷംസീറിന് നോട്ടീസ് നൽകിയത്. പൊതുമധ്യത്തിൽ മന്ത്രിയെ അപമാനിച്ചെന്നാണ് പരാതി. നിയമസഭാ സമ്മേളനത്തിനിടെയായിരുന്നു വി ശിവൻകുട്ടിക്കെതിരായ വി ഡി സതീശന്‍റെ വിമർശനം. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്ന് ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞതിനെ തുടർന്നാണ് സതീശൻ ശിവൻകുട്ടിയെ കടന്നാക്രമിച്ചത്.
ശിവൻകുട്ടി മന്ത്രിയായി ഇരിക്കുമ്പോൾ സ്‌കൂളിൽ പഠിക്കേണ്ടിവന്നത് കുട്ടികളുടെ ഗതികേട് ആണെന്നും ഇത്രയും വിവരദോഷികൾ ഉൾപ്പെട്ട മറ്റൊരു മന്ത്രിസഭ കേരള ചരിത്രത്തിലുണ്ടായിട്ടില്ലെന്നും സതീശൻ പറഞ്ഞിരുന്നു. നിയമസഭയിൽ ഡെസ്‌കിനുമുകളിൽ കയറിനിന്ന ഒരാളാണ് പ്രതിപക്ഷത്തിന് ക്ലാസെടുക്കാൻ വരുന്നത്. വിവരമില്ലാത്തവർ മന്ത്രിമാരായാൽ ഇങ്ങനെയൊക്കെ സംഭവിക്കും. എക്‌സൈസ് വകുപ്പായിരുന്നെങ്കിൽ ബോധമില്ല എന്ന് പറയാമായിരുന്നു. വിദ്യാഭ്യാസ മന്ത്രി സ്ഥാനത്ത് ഇരിക്കാൻ ശിവൻകുട്ടി യോഗ്യനല്ലെന്നും വി ഡി സതീശൻ വിമർശിച്ചു. .
പിന്നാലെ സതീശനെ 'വിനായക് ദാമോദര്‍ സതീശന്‍' എന്നു പരിഹസിച്ച് മന്ത്രി വി.ശിവന്‍കുട്ടിയും പ്രതികരിച്ചു. സതീശന്റെ അതേ ഭാഷയില്‍ ഞങ്ങള്‍ തിരിച്ചു പറഞ്ഞാല്‍ സതീശന്‍ പേടിച്ച് മൂത്രമൊഴിച്ചു പോകുമെന്നും മന്ത്രി പറഞ്ഞു. ഞാന്‍ ആര്‍എസ്എസിനെതിരെ പോരാടുമ്പോള്‍ സതീശന്‍ വള്ളിനിക്കറിട്ട് നടക്കുകയായിരുന്നു. ഗോള്‍വാള്‍ക്കറുടെ ചിത്രത്തിനു മുന്നില്‍ നട്ടെല്ല് വളച്ച ആളിന്റെ പേര് ശിവന്‍കുട്ടി എന്നല്ല, അത് 'വിനായക് ദാമോദര്‍ സതീശന്‍' ആണെന്നും അദ്ദേഹം തിരിച്ചടിച്ചു.
'ഗോള്‍വാള്‍ക്കര്‍ക്ക് മുന്നില്‍ നട്ടെല്ല് വളച്ചത് ശിവന്‍കുട്ടി അല്ല. വിനായക് ദാമോദര്‍ സതീശന്‍ ആണ്. ഒരു സ്ഥാനം കണ്ടുള്ള വെപ്രാളമാണ് സതീശന്. സമനില തെറ്റിയ നിലയില്‍ എന്തൊക്കെയോ വിളിച്ചുപറയുന്നു. കേരള രാഷ്ട്രീയത്തിലെ അസത്യങ്ങളുടെ രാജകുമാരനാണ് സതീശന്‍. മന്ത്രി ആയതുകൊണ്ട് ആളുകളെ സംഘടിപ്പിച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ പോയി മറുപടി പറയാന്‍ കഴിയില്ല' എന്നും മന്ത്രി കൂട്ടിച്ചേർത്തു.




