27 January, 2026 02:47:41 PM
ഗോൾവാൾക്കർക്ക് മുന്നിൽ നട്ടെല്ല് വളച്ചത് ശിവൻകുട്ടി അല്ല, വി ഡി സതീശനാണ്- വി ശിവന്‍കുട്ടി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ അധിക്ഷേപ പരാമര്‍ശത്തിനെതിരെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സതീശന്റേത് തരംതാണ പദപ്രയോഗമാണെന്ന് ശിവന്‍കുട്ടി പറഞ്ഞു. എടാ, പോടാ പദപ്രയോഗം നടത്തിയെന്നും ഒരു പൊതുപ്രവര്‍ത്തകന്‍ ഒരിക്കലും ഉപയോഗിക്കാന്‍ പാടില്ലാത്തതാണ് അതെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ അണികളെ ആവേശഭരിതരാക്കാന്‍ വേണ്ടിയാണ് ഇത്തരം പദപ്രയോഗം നടത്തുന്നത്. അച്ഛന്റെ പ്രായമുള്ളവരെ പോലും ധിക്കാരത്തോടെ അധിക്ഷേപിക്കുമെന്നും വി ശിവന്‍കുട്ടി കുറ്റപ്പെടുത്തി.
'മുഖ്യമന്ത്രിക്കെതിരെ പോലും വളരെ മോശം വാക്കുകള്‍ നിയമസഭയില്‍ ഉപയോഗിക്കുന്നുണ്ട്. ഞാന്‍ പേടിച്ചു പോയെന്ന ബോര്‍ഡ് സതീശന്റെ വലിയ ഫോട്ടോയ്‌ക്കൊപ്പം പലയിടത്തും വെച്ചു. ഞങ്ങളുടെ മാന്യത കൊണ്ട് തിരിച്ച് ചെയ്തിട്ടില്ല. ഞങ്ങള്‍ തിരിച്ചടിച്ചാല്‍ സതീശന്‍ മൂത്രമൊഴിച്ചു പോകും. ഞങ്ങളെക്കൊണ്ട് അത് ചെയ്യിക്കരുത്', വി ശിവന്‍കുട്ടി പറഞ്ഞു.
സംഘിക്കുട്ടി പരാമര്‍ശത്തിലും വി ശിവന്‍കുട്ടി പ്രതികരിച്ചു. വ്യക്തിപരമായി വ്യക്തിഹത്യ ചെയ്യരുതെന്നും കേരളത്തില്‍ ആരെങ്കിലും താന്‍ ആര്‍എസ്എസിന് സഹായം ചെയ്യുമെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോയെന്നും വി ശിവന്‍കുട്ടി ചോദിച്ചു. താന്‍ ആര്‍എസ്എസിനെതിരെ നെഞ്ചുവിരിച്ച് പോരാട്ടം നടത്തുമ്പോള്‍ സതീശന്‍ വള്ളി നിക്കറിട്ട് നടക്കുകയാണ്.
'ഗോള്‍വാള്‍ക്കര്‍ക്ക് മുന്നില്‍ നട്ടെല്ല് വളച്ചത് ശിവന്‍കുട്ടി അല്ല. വിനായക് ദാമോദര്‍ സതീശന്‍ ആണ്. ഒരു സ്ഥാനം കണ്ടുള്ള വെപ്രാളമാണ് സതീശന്. സമനില തെറ്റിയ നിലയില്‍ എന്തൊക്കെയോ വിളിച്ചുപറയുന്നു. കേരള രാഷ്ട്രീയത്തിലെ അസത്യങ്ങളുടെ രാജകുമാരനാണ് സതീശന്‍. മന്ത്രി ആയതുകൊണ്ട് ആളുകളെ സംഘടിപ്പിച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ പോയി മറുപടി പറയാന്‍ കഴിയില്ല', വി ശിവന്‍കുട്ടി പറഞ്ഞു.
സതീശനെ ഇപ്പോള്‍ ചൊടിപ്പിച്ചത് സോണിയാ ഗാന്ധിയെ കുറിച്ച് പറഞ്ഞതാണ്. നിയമപരമായി സോണിയാ ഗാന്ധിയെ ചോദ്യം ചെയ്യേണ്ടത് ആവശ്യമാണ്. ക്രിമിനലായ ഉണ്ണികൃഷ്ണന്‍ പോറ്റി എങ്ങനെ സോണിയ ഗാന്ധിയുടെ കയ്യില്‍ ചരട് കെട്ടി. സോണിയാ ഗാന്ധി എംപിയായിരുന്ന മണ്ഡലത്തിലെ ബെല്ലാരിയിലാണ് സ്വര്‍ണം വിറ്റത് എന്നത് ഞെട്ടിക്കുന്നതാണെന്ന് വി ശിവന്‍കുട്ടി പറഞ്ഞു.




