26 December, 2025 08:20:59 PM
'രാഹുകാലം കഴിയാതെ ഓഫീസിൽ കയറില്ല'- പെരുമ്പാവൂർ നഗരസഭ ചെയർപേഴ്സൺ

കൊച്ചി: രാഹുകാലം കഴിയാതെ ഓഫീസില്‍ കയറില്ലെന്ന് പെരുമ്പാവൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍. സത്യപ്രതിജ്ഞ കഴിഞ്ഞെങ്കിലും ഓഫീസിലേക്ക് കയറാതെ കാത്തിരിക്കുകയായിരുന്നു യുഡിഎഫ് പ്രതിനിധി കെ എസ് സംഗീത. രാഹുകാലം കഴിയാനായി 45 മിനിട്ടോളമാണ് ഇവര്‍ കാത്തിരുന്നത്.
രാവിലെ 11.15ഓടു കൂടി തന്നെ സത്യപ്രതിജ്ഞ ചടങ്ങുകളും മറ്റും പൂര്‍ത്തിയായിരുന്നു. എന്നാല്‍ 12.05നാണ് കെ എസ് സംഗീത പുതിയ ഓഫീസില്‍ കയറിയത്. രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ രാഹുകാലമാണെന്ന് പറഞ്ഞ ചെയര്‍പേഴ്‌സണ്‍ ഓഫീസിന് പുറത്ത് കാത്തുനില്‍ക്കുകയായിരുന്നു.
സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ഉദ്യോഗസ്ഥര്‍ സംഗീതയെ ഓഫീസിലേക്ക് സ്വാഗതം ചെയ്തിരുന്നു. എന്നാല്‍ 12 മണിവരെ രാഹുകാലമാണെന്നും അതിന് ശേഷമേ ഓഫീസ് ചുമതലകള്‍ ഏറ്റെടുക്കാന്‍ കഴിയൂ എന്നുമായിരുന്നു സംഗീതയുടെ മറുപടി. പുതിയ ചെയര്‍പേഴ്‌സണ്‍ ഔദ്യോഗിക കസേരയില്‍ ഇരിക്കുന്നത് കാണാനായി രാഹുകാലം കഴിയുന്നതും കാത്ത് പ്രവര്‍ത്തകരും ഓഫീസിന് പുറത്ത് ഇരുന്നു.
29 അംഗങ്ങളുള്ള നഗരസഭയില്‍ 16 വോട്ടുകള്‍ നേടിയാണ് കെ എന്‍ സംഗീത ചെയര്‍പേഴ്‌സണായത്. സൂര്യന്റെ എല്ലാവിധ പോസിറ്റിവിറ്റിയും തനിക്കും നഗരസഭയ്ക്കും ലഭിക്കണം എന്ന് കരുതിയാണ് രാഹുകാലം തെറ്റിക്കാതിരുന്നത് എന്നായിരുന്നു കെഎസ് സംഗീതയുടെ പ്രതികരണം.
ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് നഗരസഭ അദ്ധ്യക്ഷ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായത്. മൂന്ന് വനിതകളാണ് അദ്ധ്യക്ഷ പദവിക്ക് വേണ്ടി രംഗത്തുണ്ടായിരുന്നത്. ഇതോടെ ഡിസിസി ഇടപെട്ട് വോട്ടെടുപ്പ് നടത്തിയാണ് നഗരസഭ ചെയര്‍പേഴ്‌സണെ തീരുമാനിച്ചത്. ആദ്യ രണ്ടര വര്‍ഷം കഴിഞ്ഞാല്‍ ആനി മാത്യു ചെയര്‍പേഴ്‌സണ്‍ ആവും.




