26 December, 2025 11:37:53 AM
മുഖ്യമന്ത്രിയും പോറ്റിയും ഒന്നിച്ചുള്ള എഐ ഫോട്ടോ; എന്‍ സുബ്രഹ്‌മണ്യനെതിരെ കേസ്

തിരുവനന്തപുരം: മുഖ്യമന്ത്രിയും ഉണ്ണികൃഷ്ണന്‍ പോറ്റിയും ഒന്നിച്ചുള്ള എഐ നിര്‍മിത ഫോട്ടോ പങ്കുവച്ചതിന് പിന്നാലെ കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം എന്‍ സുബ്രഹ്‌മണ്യനെതിരെ കേസ്. ചേവായൂര്‍ പൊലീസാണ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തത്. ബിഎന്‍എസ് 122 പ്രകാരമാണ് കേസ്.
താൻ കാണുന്നതിനും മുന്‍പേ ശബരിമല സ്വർണ്ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ കണ്ടത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പറഞ്ഞിരുന്നു. ഇരുവരും ചേര്‍ന്ന് സ്വകാര്യസംഭാഷണം നടത്തുന്ന ചിത്രങ്ങള്‍ പ്രചരിക്കുകയാണെന്നും പോറ്റിയുടെ ചെവിയില്‍ സ്വര്‍ണക്കൊള്ളയെ കുറിച്ചുള്ള നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രി പകര്‍ന്നു കൊടുത്തോയെന്ന് സംശയിക്കുന്നുവെന്നുമായിരുന്നു എഐ ചിത്രത്തെക്കുറിച്ച് അടൂർ പ്രകാശ് പറഞ്ഞത്.
എന്നാൽ, മുഖ്യമന്ത്രി ഉണ്ണികൃഷ്ണൻ പോറ്റിയുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും മുഖ്യമന്ത്രിക്കൊപ്പം പോറ്റി നിൽക്കുന്നതായി അടൂർ പ്രകാശ് കാട്ടിയ ചിത്രം എഐ ഉപയോഗിച്ച് നിർമിച്ചതാണെന്നും അതിന്റെ വസ്തുതകൾ പുറത്തുവരുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞിരുന്നു.




