13 January, 2026 02:21:12 PM
മുന്‍ കൊട്ടാരക്കര എംഎല്‍എ ഐഷാ പോറ്റി കോണ്‍ഗ്രസില്‍

തിരുവനന്തപുരം: മുതിര്‍ന്ന സിപിഐഎം നേതാവും കൊട്ടാരക്കര എംഎല്‍എയുമായ ഐഷ പോറ്റി കോണ്‍ഗ്രസില്‍. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മാലയിട്ട് സ്വീകരിച്ചു. തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ചതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ നടത്തുന്ന കോണ്‍ഗ്രസിന്റെ പ്രതിഷേധ വേദിയില്‍ വെച്ചാണ് ഐഷ പോറ്റിയെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്തത്.
1991-ലാണ് സിപിഐഎമ്മിൽ അംഗമായത്. സിപിഐഎം കൊട്ടാരക്കര ഏരിയകമ്മിറ്റിയംഗം ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ദേശീയസമിതിയംഗം, അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ജനാധിപത്യ മഹിളാ അസോസിയേഷൻ വനിതാ സബ് കമ്മിറ്റി കൺവീനർ, കൊല്ലം ജില്ല ലോയേഴ്സ് യൂണിയൻ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്.
2000-ലാണ് കൊല്ലം ജില്ലാ പഞ്ചായത്തിലേക്ക് കൊട്ടാരക്കരയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് 2006 ല്‍ ആര്‍. ബാലകൃഷ്ണപിള്ളയെ 12968 വോട്ടുകള്‍ക്ക് അട്ടിമറിച്ചുകൊണ്ടായിരുന്നു കൊട്ടാരക്കര മണ്ഡലത്തിൽ നിന്നും ഐഷ പോറ്റി കേരളാ നിയമസഭയിലേക്കെത്തിയത്. 2011ല്‍ 20592 ആയി ഭൂരിപക്ഷം വര്‍ധിപ്പിച്ച ഐഷ പോറ്റി 2016 ല്‍ 42,632 എന്ന വമ്പന്‍ മാര്‍ജിനില്‍ വിജയിച്ച് വീണ്ടും നിയമസഭയിലേക്ക് എത്തി.
കൊട്ടാരക്കര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി അനുസ്മരണ സമ്മേളനത്തില്‍ പ്രാസംഗികയായി എത്തിയത് മുതല്‍ ഐഷ പോറ്റി സിപിഐഎം വിടുന്നുവെന്ന വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അന്ന് ആ വാര്‍ത്തകള്‍ നിഷേധിച്ച ഐഷ പോറ്റി നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കേ പാര്‍ട്ടി വിടുകയായിരുന്നു.




