16 January, 2026 09:14:24 AM
ഫെന്നി നൈനാന്‍ തലയും വാലുമില്ലാത്ത ചാറ്റ് പുറത്തുവിട്ടത് അധിക്ഷേപിക്കാന്‍- അതിജീവിത

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ ബലാത്സംഗ പരാതി ഉന്നയിച്ച മൂന്നാമത്തെ യുവതിക്കെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫെന്നി നൈനാന് എതിരെ അതിജീവിത. മാധ്യമങ്ങള്‍ക്ക് നല്‍കിയ ശബ്ദ സന്ദേശത്തിലാണ് രാഹുലിന്റെ കൂട്ടാളിയായ ഫെന്നിയുടെ ആരോപണങ്ങള്‍ നിഷേധിച്ച് യുവതി രംഗത്തെത്തിയത്. സാമൂഹ്യമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച് നിശബ്ദയാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇപ്പോഴത്തെ നീക്കമെന്നാണ് യുവതിയുടെ പ്രതികരണം.
തന്റെ പരാതി തെറ്റാണെന്ന് തെളിയിക്കാന്‍ ഫെന്നി നൈനാന്‍ പങ്കുവച്ച വാട്‌സ്ആപ്പ് ചാറ്റുകള്‍ വാലും തലയും ഇല്ലാത്തവയാണ്. തനിക്കുണ്ടായ സാഹചര്യവും, മറ്റ് സംഭവങ്ങളെയും കുറിച്ച് രാഹുലിനോട് പേഴ്‌സണലായി സംസാരിക്കാന്‍ സാഹചര്യം വേണം എന്നാണ് ആവശ്യപ്പെട്ടത്. ഇക്കാര്യങ്ങളാണ് ഫെന്നിയുമായി സംസാരിച്ചത്. താന്‍ തനിച്ചല്ല വരുന്നത് എന്ന് പറഞ്ഞു. എന്നാല്‍ തന്നെ പീഡിപ്പിച്ച ഒരാളെ വീണ്ടും കാണണം എന്ന് പറയുന്ന ഭാഗം മാത്രം പുറത്തുവിട്ട് തന്നെ അപകീര്‍ത്തിപ്പെടുത്താനാണ് ഫെന്നി ശ്രമിച്ചത് എന്നും യുവതി ശബ്ദ സന്ദേശത്തില്‍ വ്യക്തമാക്കുന്നു. കൂടുതല്‍ ഇരകള്‍ പുറത്തുവരുന്നത് തടയുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ടെന്നും പരാതിക്കാരി ശബ്ദ സന്ദേശത്തില്‍ പറയുന്നു.
2024 മെയ് മാസത്തിലായിരുന്നു തനിക്ക് കുഞ്ഞിനെ നഷ്ടമാകുന്നത്. ഒരു മനുഷ്യനെ എത്രത്തോളം വേദനിപ്പിക്കാമോ അത്രയും രാഹുല്‍ തന്നെ വേദനിപ്പിച്ചു. അങ്ങനെയാണ് തനിക്ക് കുഞ്ഞിനെ നഷ്ടമായത്. കടുത്ത മാനസിക, ശാരീരിക, സാമ്പത്തിക പ്രതിസന്ധികളിലൂടെയായിരുന്നു താന്‍ കടന്നുപോയത്. ആ സമയങ്ങളില്‍ ആത്മഹത്യ ചെയ്യണമെന്ന് തോന്നിയിരുന്നു. ഇതിനിടെ 2024 ജൂലൈയിലായിരുന്നു ഫെന്നി നൈനാനെ താന്‍ പരിചയപ്പെടുന്നത്. ഇന്‍സ്റ്റയില്‍ തനിക്ക് മെസേജ് അയയ്ക്കുകയായിരുന്നു. രാഹുലിന്റെ അടുത്ത സുഹൃത്ത് എന്ന നിലയിലാണ് ഫെന്നി നൈനാനോട് സംസാരിച്ചത്. ഫെന്നി ആദ്യം തന്നോട് സംസാരിച്ചത് ചൂരല്‍മല ഫണ്ടിംഗുമായി ബന്ധപ്പെട്ട കാര്യങ്ങളായിരുന്നു. അതിന് ശേഷം തങ്ങള്‍ നല്ല സുഹൃത്തുക്കളായി. ഫെന്നിയെ താന്‍ കണ്ടിരുന്നത് തന്റെ കുഞ്ഞ് അനുജനെപ്പോലെയായിരുന്നു. അന്ന് തങ്ങള്‍ എന്ത് സംസാരിച്ചുവന്നാലും അവസാനിപ്പിക്കുന്നത് രാഹുല്‍ മാങ്കൂട്ടത്തിലിനെപ്പറ്റി പറഞ്ഞായിരുന്നു. നടന്ന കാര്യങ്ങളെ കുറിച്ച് രാഹുല്‍ ഫെന്നിയോട് പറഞ്ഞിരുന്നോ എന്ന് തനിക്ക് സംശയം തോന്നിയിരുന്നുവെന്നും അതിജീവിത വ്യക്തമാക്കി.




