17 January, 2026 09:28:10 AM
ഫ്രാങ്കോ മുളയ്ക്കല്‍ കേസ്; സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ ഉത്തരവിട്ട് മുഖ്യമന്ത്രി

തിരുവനന്തപുരം: ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ പീഡന കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ ഉത്തരവ്. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി അഡ്വ. ബിജി ഹരീന്ദ്രനാഥിനെ നിയമിക്കാനാണ് ഉത്തരവ്. മുഖ്യമന്ത്രി പിണറയി വിജയനാണ് ഉത്തരവിട്ടത്.
കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാത്തത് സങ്കടമുണ്ടാക്കുന്നതാണെന്ന് കഴിഞ്ഞ ദിവസം അതിജീവിത തുറന്ന് പറഞ്ഞിരുന്നു. ഇതിനായി മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അപേക്ഷ സമര്‍പ്പിച്ചിരുന്നുവെന്നും അവർ വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് മുഖ്യമന്ത്രി ഉത്തരവ് നൽകിയത്. ശ്വസിക്കാനുള്ള വായു ഒഴികെ മറ്റെല്ലാം നിഷേധിക്കപ്പെട്ടുവെന്നായിരുന്നു അതിജീവിതയുടെ വെളിപ്പെടുത്തൽ.
വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും. കുറവിലങ്ങാട് മഠത്തിലെ പീഡനക്കേസിലാണ് സര്‍ക്കാര്‍ നീക്കം. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കുന്നതിനായി അതിജീവിത മുഖ്യമന്ത്രിയെ കണ്ടിരുന്നു. 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ചെന്നാണ് കേസ്.
2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ജലന്ദർ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കൽ അതിജീവിതയെ 13 തവണ പീഡിപ്പിച്ചെന്നായിരുന്നു കേസ്. കുറവിലങ്ങാട് മഠത്തില്‍ എത്തിയായിരുന്നു പീഡനം. 2017 മാര്‍ച്ച് 26ന് അതിജീവിത മദര്‍ സുപ്പീരിയര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാൽ നടപടിയുണ്ടായില്ല.
പിന്നീട് 2018 ജൂണ്‍ 27ന് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. ഇതിന് ശേഷമാണ് സംഭവം പുറംലോകമറിയുന്നത്. 2018 സെപ്റ്റംബര്‍ 21ന് ഫ്രാങ്കോ മുളയ്ക്കലിനെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ കോട്ടയം ജില്ലാ കോടതി 2022 ജനുവരിയില്‍ ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയിരുന്നു. കുറ്റവിമുക്തനാക്കപ്പെട്ട് ഒരു വര്‍ഷം കഴിഞ്ഞ് ജലന്ദർ രൂപതാ അധ്യക്ഷ പദവിയിൽ നിന്ന് ഫ്രാങ്കോ മുളയ്ക്കല്‍ രാജിവെച്ചിരുന്നു.




