29 December, 2025 04:04:45 PM
മെഡിസെപ്പ്: തട്ടിപ്പിൻ്റെ പരിഷ്കരിച്ച മുഖം; സംസ്ഥാനത്താകെ പ്രക്ഷോഭമുയരുന്നു

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും പെൻഷൻകാരുടെയും മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പ് നവീകരിച്ചത് കൂനിന്മേൽ കുരുവെന്നപോലായി. മെഡിസെപ്പ് പദ്ധതിയുടെ നിലവിലെ അപാകതകൾ പരിഹരിക്കാതെ പ്രീമിയം തുക 500 രൂപയിൽ നിന്നും 810 രൂപയാക്കിയത് ചുരുക്കത്തിൽ ജീവനക്കാരോടുള്ള വെല്ലുവിളിയായി മാറി.
മെഡിസെപ്പ് പദ്ധതി പ്രാബല്യത്തിൽ വരും മുമ്പ് ആശുപത്രി ചെലവുകൾ ജീവനക്കാർ അപേക്ഷിക്കുന്ന പിന്നാലെ തിരികെ ലഭിക്കുമായിരുന്നു. മെഡിസെപ്പ് പദ്ധതിയിൽ ക്യാഷ്‌ലെസ് ചികിത്സ ലഭിക്കുന്നില്ലെന്നു മാത്രമല്ല, ഭൂരിപക്ഷം ആശുപത്രികളും പദ്ധതി നിഷേധിക്കുന്നതാണ് കാണാനായത്. സ്വന്തം സ്ഥലത്ത് സൗകര്യങ്ങൾ ഏറെയുള്ള ആശുപത്രികൾ ഉണ്ടായിട്ടും വിവിധ അസുഖങ്ങൾക്ക് ചികത്സ തേടി ജില്ലയ്ക്കു വെളിയിൽ പോകേണ്ട അവസ്ഥയും. പദ്ധതിയെ വിശ്വസിച്ച് ഇങ്ങനെ ഓടി നടന്ന് ചികിത്സിച്ചാലും പണം ലഭിക്കുകയുമില്ല. രോഗി മരണമടഞ്ഞാൽ പോലും വിവിധ കാരണങ്ങൾ കാട്ടി തുക നിഷേധിക്കുന്ന പ്രവണതയാണ് കാണുന്നത്.
ഈ സാഹചര്യം നിലനിൽക്കെയാണ് സൗകര്യങ്ങൾ ഒന്നും വർധിപ്പിക്കാതെ തന്നെ 2026 ജനുവരി മുതൽ ഇൻഷ്വറൻസ് പ്രിമിയം 60 ശതമാനം വർധിപ്പിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവ് ഇറങ്ങിയത്. സർക്കാരിൻ്റെ ഈ ഇരുട്ടടിക്കെതിരെ പ്രക്ഷോഭം ആരംഭിയ്ക്കാൻ തീരുമാനിച്ചിരിക്കുകയാണ് ഫെഡറേഷൻ ഓഫ് ആൾ കേരള യൂണിവേഴ്സിറ്റി പെൻഷനേഴ്സ് ഓർഗനൈസേഷൻസ് സംസ്ഥാന കമ്മിറ്റി.
സർവീസ് പെൻഷൻകാരുടെ അടിസ്ഥാന പെൻഷൻ, ക്ഷേമാശ്വാസം എന്നിവയിൽ നിന്നും നിർബന്ധമായി ഒരു റിക്കവറിയും നടത്താൻ സർക്കാരിന് അധികാരമില്ലെന്ന അഡ്‌മിനിസ്ടേറ്റീവ് ടിബ്യൂണലിന്റേതുൾപ്പടെയുള്ള കോടതി വിധികൾ അവഗണിച്ചാണ്കഴിഞ്ഞ മൂന്നു വർഷമായി ഭൂരിപക്ഷം പെൻഷൻകാർക്കും ഉപകാരപ്രദമല്ലാത്ത രീതിയിൽ ആണ് മെഡിസപ്പ് നടപ്പാക്കിയതെന്ന് തിരുവനന്തപുരത്ത് ചേർന്ന യോഗം വിലയിരുത്തി. പ്രധാനപെട്ട ആശുപത്രികൾ എല്ലാം പദ്ധതിയോട് മുഖം തിരിച്ചു നിൽക്കുന്ന അവസ്ഥയായിട്ടും ഒരു കുടുംബത്തിൽ നിന്നും ഒന്നിലേറെ പേർ പ്രീമിയം അടക്കേണ്ടി വരുന്ന അവസ്ഥയും ഉണ്ടായി.
മെഡിസെപ്പ് പ്രീമിയം വർധനവ് ഉടനടി പിൻവലിക്കുക, എല്ലാ പ്രമുഖ ആശുപത്രികളിലും തടസ്സമില്ലാത്ത ചികിത്സ ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ മുൻനിർത്തി എഫ് യു പി ഓ യുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന പ്രക്ഷോഭപരിപാടികൾക്ക് 2026 ജനുവരി 1ന് തുടക്കം കുറിക്കും. ആദ്യപടിയായി രാവിലെ 11 മണിക്ക് സംസ്ഥാനത്തെ എല്ലാ യൂണിവേഴ്സിറ്റി ക്യാമ്പസ്സുകൾക്ക് മുന്നിലും പ്രതിഷേധ പ്രകടനവും ധർണയും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
പ്രസിഡന്റ് എ. എ. കലാമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ജോർജ് വർഗീസ്. എം ജി യൂണിവേഴ്സിറ്റി പെൻഷണേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി ജി. പ്രകാശ്, എഫ്. യു. പി. ഒ ഭാരവാഹികളായ ബാബു ചാത്തോത്ത്, ഡോ. ദിനേശൻ കൂവക്കായി, ഗിരീന്ദ്രബാബു, ജോർജ് മുണ്ടാടൻ, അബ്ദുൾ അസീസ്, റ്റി. ജോൺസൺ, എം.കെ. പ്രസാദ്, ഇ.ആർ. അർജുനൻ, ആർ.എസ് ശശികുമാർ, ബി. ശ്രീധരൻ നായർ, ഡി. ശ്രീകുമാർ, അശോക് കുമാർ, എൻ.എൽ. ശിവകുമാർ എന്നിവർ പ്രസംഗിച്ചു.




