03 February, 2026 11:04:31 AM
നിയമസഭയിൽ സംഘർഷാവസ്ഥ; സ്പീക്കറുടെ മുഖം മറച്ച് ബാനർ ഉയർത്തി, ഡയസിലേക്ക് ചാടിക്കയറി പ്രതിപക്ഷം

തിരുവനന്തപുരം: നിയമസഭയിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം. ഡയസിൽ ചാടിക്കയറി സ്പീക്കറുടെ മുഖം മറച്ചു കൊണ്ട് ബാനർ വലിച്ചുയർത്തിയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. സഭ ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷ നേതാവ് സഭ ബഹിഷ്കരിക്കുന്നുവെന്ന് പറയുകയായിരുന്നു. തുടർന്ന് മുദ്രാവാക്യങ്ങളുയർത്തി പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി.
എംഎൽഎ അൻവർ സാദത്താണ് കാൽ ഉയർത്തി ഡയസിന് മുകളിലേക്ക് കയറാൻ ശ്രമിച്ചത്. അൻവർ സാദത്തിന് പുറമെ ടി വി ഇബ്രാഹീം, സനീഷ് കുമാർ ജോസഫ് എന്നിവരും ഡയസിലേക്ക് ചാടി കടക്കാൻ ശ്രമിച്ചു. വാച്ച് ആൻഡ് വാർഡ് തടഞ്ഞതോടെ പ്രതിപക്ഷ അംഗങ്ങൾ തിരികെ സീറ്റുകളിലേക്ക് മടങ്ങി.
സ്വർണക്കൊള്ളയിലെ അന്വേഷണം വഴിമുട്ടിയ നിലയിൽ ആണെന്നും പ്രധാന പ്രതി ഉണ്ണികൃഷ്ണൻ പോറ്റി പോലും ജാമ്യം കിട്ടി പുറത്തിറങ്ങാൻ പോകുന്നു. പ്രതികൾക്ക് പുറത്തിറങ്ങാനുള്ള സാഹചര്യം ഉണ്ടാക്കി കൊടുക്കുകയാണെന്നും സഭാ നടപടികളുമായി സഹകരിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കി.
എന്നാൽ പ്രതിപക്ഷത്തിന് വിഷയദാരിദ്ര്യമാണെന്നും സഭയില്‍ അതിക്രമം കാണിക്കുകയാണെന്നും മന്ത്രി എംബി രാജേഷ് വിമർശിച്ചു. എല്ലാവരെയും അധിക്ഷേപിക്കുന്ന ഒരു പ്രതിപക്ഷ നേതാവാണ് ഉള്ളതെന്നും ജനങ്ങളോടുള്ള വെല്ലുവിളിയാണ് പ്രതിപക്ഷം നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.




