10 January, 2026 03:25:18 PM


പരാതിക്കാരിയെ വീണ്ടും അധിക്ഷേപിച്ചു; രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണം, പൊലീസ് കോടതിയില്‍



തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ പീഡന പരാതി നൽകിയ അതിജീവിതയെ അപമാനിച്ചെന്ന കേസിൽ രാഹുൽ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണമെന്ന് പൊലീസ്. രാഹുൽ ഈശ്വർ ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് ആരോപിച്ച് സൈബർ പൊലീസ് തിരുവനന്തപുരം എസിജെഎം കോടതിയിൽ അപേക്ഷ നൽകി. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ കേസിലെ അതിജീവിതയെ ഫേസ്ബുക്കിലൂടെ വ്യാജ അതിജീവിത എന്ന് വിളിച്ചെന്നും ഇത് അതിജീവിതയിൽ ഭയവും മാനസിക സമ്മർദവും ഉണ്ടാക്കിയെന്നുമാണ് അപേക്ഷയിലുള്ളത്. അപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും.

ജാമ്യത്തിലിറങ്ങിയ രാഹുൽ ഈശ്വർ സമൂഹമാധ്യമത്തിലൂടെ തന്നെ അപമാനിക്കും വിധം പ്രതികരണങ്ങൾ നടത്തിയെന്ന് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ കേസിലെ അതിജീവിത പരാതി നൽകിയിരുന്നു. ഈ പരാതി അന്വേഷിച്ചാണ് പൊലീസ് കോടതിയിൽ അപേക്ഷ നൽകിയത്. ജാമ്യവ്യവസ്ഥ ലംഘിക്കും വിധം അതിജീവിതയെ അപമാനിച്ചു. ഇത് പൊതുസമൂഹത്തിൽ അവഹേളനത്തിനും അപമാനത്തിനും ഇടയാക്കിയെന്നും സൈബർ പൊലീസിന്റെ അപേക്ഷയിൽ പറയുന്നു. പരാതിയുമായി ബന്ധപ്പെട്ട തുടർ നടപടികളിൽനിന്നും അതിജീവിതയെ പിന്തിരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് രാഹുൽ ഈശ്വറിന്റെ അപമാനിക്കലെന്നും അപേക്ഷയിൽ സിറ്റി സൈബർ പൊലീസ് പറയുന്നുണ്ട്.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 932