22 December, 2025 09:55:58 AM


ഹൃദയം കൊച്ചിയിലേക്ക്; എറണാകുളം ജനറൽ ആശുപത്രിയിൽ ആദ്യത്തെ ഹൃദയമാറ്റ ശസ്ത്രക്രിയ



കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ ആദ്യത്തെ ഹൃദയമാറ്റ ശസ്ത്രക്രിയ. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മസ്തിഷ്‌ക മരണം സംഭവിച്ച ഷിബുവാണ് ദാതാവ്. എയര്‍ ആംബുലന്‍സിലാണ് കൊല്ലം ഇടവട്ടം ചിറക്കല്‍ സ്വദേശി ഷിബുവിന്റെ (47) ഹൃദയം എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്

വാഹനാപകടത്തിലാണ് ഷിബുവിന് മസ്തിഷ്‌ക മരണം സംഭവിച്ചത്. നേപ്പാള്‍ സ്വദേശിനി ദുര്‍ഗയ്ക്കാണ് ഹൃദയം മാറ്റിവയ്ക്കുന്നത്. ഷിബുവിന്റെ രണ്ട് വൃക്കകള്‍, കരള്‍, ഹൃദയം, 2 നേത്ര പടലങ്ങള്‍, സ്‌കിന്‍ എന്നിവ ദാനം ചെയ്യും. ഒരു വൃക്കയും കരളും കിംസിലെ രോഗിയില്‍ മാറ്റിവെച്ചു.

ഹാര്‍ട്ട് വാല്‍വ്, നേത്രപടലങ്ങള്‍ എന്നിവ രോഗികള്‍ക്ക് കൈമാറാനായി സൂക്ഷിച്ച് വെക്കും. ഒരു കിഡ്‌നിയും പാന്‍ക്രിയാസും രോഗിക്ക് യോജിക്കാത്തതിനാല്‍ ഉപയോഗിക്കാനായില്ല. വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ ഷിബുവിന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. പത്തുമണിക്ക് ഹൃദയം പുറത്തെടുക്കാനുള്ള ശസ്ത്രക്രിയ ആരംഭിക്കും. ശേഷം റോഡ് മാർഗം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിക്കുകയും അവിടെ നിന്ന് എയർ ആംബുലൻസിൽ കൊച്ചി ഹയാത്തിലെത്തിക്കുകയും ചെയ്യും. അവിടെ നിന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ ആംബുലൻസ് മാർഗം ഹൃദയം എത്തിക്കും.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K