28 January, 2026 08:44:46 PM
യുഡിഎഫ് കാലത്ത് പ്രസവത്തിനിടെ മരിച്ചത് 950 അമ്മമാർ; 5 പേര്‍ക്ക് കാഴ്ച നഷ്ടമായി; കണക്ക് നിരത്തി വീണാ ജോര്‍ജ്

തിരുവനന്തപുരം: വിളപ്പിൽശാല ചികിത്സാപിഴവിലെ അടിയന്തര പ്രമേയ ചർച്ചയിൽ യുഡിഎഫിന് രൂക്ഷ ഭാഷയില്‍ മറുപടി നൽകി ആരോഗ്യമന്ത്രി വീണ ജോർജ്. എൽഡിഎഫ് സർക്കാർ കാലത്തെ ആശുപത്രി സേവനങ്ങളും യുഡിഎഫ് സർക്കാരിന്റെ കാലത്തെ സേവനങ്ങളും താരതമ്യപ്പെടുത്തിയാണ് മന്ത്രി മറുപടി നൽകിയത്. സർക്കാർ ആശുപത്രികളിൽ ഒരു ദിവസം 2,000 പേർക്ക് ഡയാലിസിസ് ചെയ്യുന്നുവെന്നും മന്ത്രി പറഞ്ഞു.
തുടർന്ന് യുഡിഎഫ് കാലത്തെ ചികിത്സാവീഴ്ചകൾ മന്ത്രി ചൂണ്ടിക്കാട്ടി. യുഡിഎഫ് കാലത്ത് തിമിര ശസ്ത്രക്രിയ നടത്തി അഞ്ചുപേർക്ക് കാഴ്ച നഷ്ടമായി. അവർക്ക് ഇതുവരെ നഷ്ടപരിഹാരം നൽകിയിട്ടില്ല. ഇന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നേത്ര പടലം മാറ്റിവെച്ചു. രാജ്യത്ത് തന്നെ ഇതാദ്യമായാണ്. യുഡിഎഫ് കാലത്ത് ചികിത്സ ലഭിക്കാതെയും പിഴവ് മൂലവും മരിച്ചത് 16 പേരാണ്. പ്രസവത്തിനിടെ 950 പേർ മരിച്ചു. കേരളത്തിലെ എല്ലാ നിയോജകമണ്ഡലത്തിലും ലാബ് നെറ്റ്‌വർക്ക് ഉണ്ടായി. കേരളത്തിലെ ഏതെങ്കിലും മെഡിക്കൽ കോളേജിൽ യുഡിഎഫ് കാലത്ത് കാത്ത് ലാബ് തുടങ്ങിയോ എന്നും മന്ത്രി ചോദിച്ചു.
പിന്നാലെ വിളപ്പിൽശാല വിഷയത്തിലും വീണ ജോർജ് പ്രതികരിച്ചു. മരിച്ച ബിസ്മിറിന്റെ കുടുംബത്തിനോട് അനുശോചനം രേഖപ്പെടുത്തുകയാണ്. ബിസ്മീറിന് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയിരുന്നു. ഗേറ്റ് തുറന്നില്ല എന്നാണ് ആദ്യം വന്ന വാർത്ത. എന്നാൽ രണ്ട് മിനുട്ടിൽ രോഗിയെ അകത്ത് കൊണ്ടുപോയി പ്രാഥമിക ചികിത്സ നൽകി. സുരക്ഷ കാരണങ്ങളാൽ ഗ്രിൽ അകത്തുനിന്ന് പൂട്ടിയിരുന്നു. മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോഴേക്കും രോഗി മരിച്ചു. സാധ്യമായ ചികിത്സ ഏറ്റവും വേഗത്തിൽ നൽകിയെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിന്ന് കൂടുതൽ കാര്യങ്ങൾ വ്യക്തമാകുമെന്നും മന്ത്രി വ്യക്തമാക്കി.
വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിനയുടെ വിഷയത്തിലും മന്ത്രി പ്രതികരിച്ചു. കത്രിക അകത്തുവെച്ചത് 2017ലാണോ 14ൽ ആണോ എന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഹർഷീന പറയുന്നത് 2017ൽ എന്നാണ്. അത് വിശ്വാസത്തിലെടുത്ത് 2 ലക്ഷം രൂപ ധനസഹായം നൽകി. നിലവിൽ കോടതിയിൽ കേസ് നടക്കുകയാണ് എന്നും വിധി അനുസരിച്ച് പ്രവർത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അടിയന്തര പ്രമേയ ചർച്ചയിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോഗ്യമന്ത്രിക്കെതിരെ ആഞ്ഞടിക്കുകയാണ് ചെയ്തത്. യുഡിഎഫ് സർക്കാർ കൊണ്ടുവന്ന മെഡിക്കൽ കോളേജുകളോട് കടുത്ത അവഗണനയാണ് കാണിക്കുന്നത്. അവിടേക്ക് രോഗികൾ വന്നാൽ റിഫേഴ്സ് റഫറൻസ് ആണ്. ജില്ലാ ആശുപത്രിയിലേക്കാണ് തിരിച്ചയക്കുന്നത്. കളക്ടർ അപകടത്തിൽപ്പെട്ടപ്പോൾ തൊട്ടടുത്ത് മെഡിക്കൽ കോളജ് ഉണ്ടായിട്ടും ആദ്യം പോകേണ്ടിവന്നത് സ്വകാര്യ ആശുപത്രിയിലാണ്. സിസ്റ്റത്തിൽ ഉണ്ടായ തകരാറ് നിയമസഭയിൽ അല്ലാതെ എവിടെ പോയി പറയും എന്നും സതീശൻ ചോദിച്ചു.
വിളപ്പിൽശാല സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ വൈകിയതിനെ തുടർന്ന് ബിസ്മിർ എന്ന യുവാവ് മരിച്ചെന്ന ആരോപണത്തിലായിരുന്നു നിയമസഭയിൽ പ്രതിപക്ഷം അടിയന്തര പ്രമേയം അവതരിപ്പിച്ചത്.പി സി വിഷ്ണുനാഥ് എംഎൽഎയാണ് പ്രമേയം അവതരിപ്പിച്ചത്. സംസ്ഥാന ആരോഗ്യവകുപ്പിനെതിരെ രൂക്ഷ വിമർശനങ്ങളാണ് വിഷ്ണുനാഥ് സഭയിൽ ഉന്നയിച്ചത്.




