15 December, 2025 06:55:18 PM


അതിജീവിതയെ അധിക്ഷേപിച്ച കേസ്; രാഹുല്‍ ഈശ്വറിന് ജാമ്യം



തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ അതിജീവിതയെ അധിക്ഷേപിച്ചെന്ന കേസില്‍ രാഹുല്‍ ഈശ്വറിന് ജാമ്യം. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 16 ദിവസത്തിന് ശേഷമാണ് ജാമ്യം. സമാനമായ കേസില്‍ സന്ദീപ് വാര്യരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ പരിഗണിക്കും.

അതിജീവിതയ്ക്ക് എതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ഒന്നിന് പിറകെ ഒന്നായി നടത്തിയ രാഹുല്‍ ഈശ്വറിന്റെ നവംബര്‍ 30നായിരുന്നു പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തത്. തൊട്ടടുത്ത ദിവസം ജാമ്യാപേക്ഷ തിരുവനന്തപുരം എസിജെഎം കോടതി തള്ളിയതോടെ നിരാഹാര സമരം ആരംഭിക്കുകയായിരുന്നു. 

രാഹുല്‍ ഈശ്വര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന പ്രോസിക്യൂഷന്‍ വാദത്തെ അംഗീകരിച്ചായിരുന്നു കോടതി ജാമ്യം നിഷേധിച്ചത്. സാമൂഹിക മാധ്യമത്തിലെ പോസ്റ്റുകളടക്കം പിന്‍വലിക്കാമെന്ന് വാദത്തിനിടെ രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നെങ്കിലും കുറ്റകൃത്യത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. രണ്ടാം തവണയായിരുന്നു ജാമ്യം നിഷേധിക്കുന്നത്.

രാഹുല്‍ ജയിലില്‍ നിരാഹാരം തുടര്‍ന്നതില്‍ കോടതി രൂക്ഷ വിമര്‍ശനവും ഉന്നയിച്ചിരുന്നു. നിരാഹാര സമരം അംഗീകരിക്കില്ലെന്നും നിരാഹാരം നടത്തി അന്വേഷണത്തില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ശ്രമം നടത്തുകയാണെന്നും ജാമ്യം നല്‍കുന്നത് ഇത്തരം തന്ത്രങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്നും പ്രതി നടത്തിയത് ഗുരുതര കുറ്റങ്ങളാണെന്നും കോടതി പറഞ്ഞിരുന്നു. പിന്നാലെ നിരാഹാരം അവസാനിപ്പിക്കുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 933