12 December, 2025 09:11:31 AM
നടിയെ ആക്രമിച്ച കേസ്; ആറ് പ്രതികളുടെ ശിക്ഷാവിധി ഇന്ന്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതികളുടെ ശിക്ഷാവിധി ഇന്നറിയാം. പൾസർ സുനി ഉൾപ്പെടെ കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആറ് പ്രതികൾക്ക് എറണാകുളം പ്രിൻസിപ്പൽ സെക്ഷൻസ് കോടതി ശിക്ഷ വിധിക്കും. ജീവപര്യന്തം നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെടുന്നത്.
രാവിലെ 11 നാണ് കേസ് കോടതി പരിഗണിക്കുക. കേസിൽ വിചാരണ നേരിട്ട പത്ത് പ്രതികളിൽ നടൻ ദിലീപ് അടക്കം നാല് പേരെ കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ദിലീപിനെ കുറ്റവിമുക്തനാക്കിയതിനെതിരെ പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിക്കും.
പൾസർ സുനി, മാർട്ടിൻ ആന്‍റണി, മണികണ്ഠൻ, വിജീഷ്, വടിവാൾ സലിം, പ്രദീപ് എന്നിവർക്കാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ശിക്ഷ വിധിക്കുക. കൂട്ടബലാൽസംഗം, ക്രിമിനൽ ഗൂഢാലോചന എന്നിവയ്ക്കൊപ്പം അന്യായമായി തടവിൽ വയ്ക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ, നഗ്നയാകാൻ നിർബന്ധിക്കൽ അടക്കമുള്ള കുറ്റങ്ങളും പ്രതികൾക്കെതിരെയുണ്ട്.
ഗൂഢാലോചന തെളിയിക്കാൻ പര്യാപ്തമായ തെളിവുകൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ദിലീപിനെ വെറുതെ വിട്ടത്. ദിലീപിനെ വെറുതെവിട്ടത് എന്ത് കാരണത്താലാണെന്ന ചോദ്യത്തിനും ഉത്തരം വിധിപ്പകർപ്പിലുണ്ടാകും.




