11 December, 2025 10:01:29 AM
വിവാഹ വാർഷികം ആഘോഷിക്കാൻ നാട്ടിലേക്ക് യാത്ര; ബസ് കയറി യുവതിക്ക് ദാരുണാന്ത്യം

ആലപ്പുഴ: അമ്പലപ്പുഴയില്‍ കെഎസ്ആര്‍ടിസി ബസ് കയറി യുവതിക്ക് ഭാരുണാന്ത്യം. എടത്വാ കുന്തിരിക്കല്‍ കണിച്ചേരില്‍ചിറ മെറീന (24) ആണ് മരിച്ചത്. ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്നതിനായി കൊച്ചിയിലെ ജോലി സ്ഥലത്ത് നിന്ന് നാട്ടിലേയ്ക്ക് പുറപ്പെട്ടതായിരുന്നു മെറീന. ഇതിനിടെയാണ് അപകടം. ഭര്‍ത്താവുമായി പോകുന്നതിനിടെ ബൈക്ക് കെഎസ്ആര്‍ടിസി ബസില്‍ ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്തുതന്നെ മെറീന മരിച്ചു.
ഇന്നലെ രാത്രി എട്ട് മണിയോടെ അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയില്‍ കോളമംഗലം ബിവറേജസ് ഔട്ട്‌ലെറ്റിന് സമീപത്തുവെച്ചായിരുന്നു അപകടം. എറണാകുളം അമൃതാനന്ദമയി ആശുപതിയില്‍ നഴ്‌സായി ജോലി ചെയ്തുവരികയായിരുന്നു മെറീന. കൊച്ചിയില്‍ നിന്ന് ട്രെയിനില്‍ അമ്പലപ്പുഴ റെയില്‍വേ സ്റ്റേഷനിലെത്തിയ മെറീനയെ കൂട്ടാന്‍ ഭര്‍ത്താവ് ഷാനോ സ്‌റ്റേഷനിലെത്തി. നാട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്. ബൈക്കും ബസും കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് തെറിച്ചു വീണ മെറീനയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാനോയെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. എടത്വാ പൊലീസ് മേല്‍നടപടി സ്വീകരിച്ചു.




