10 December, 2025 09:30:53 AM
ചൊക്ലിയിൽ കാണാതായ യുഡിഎഫ് സ്ഥാനാർത്ഥി യുവാവിനൊപ്പം പൊലീസ് സ്റ്റേഷനില്‍

ചൊക്ലി: കണ്ണൂരിൽ നിന്ന് കാണാതായ ചൊക്ലി ഗ്രാമപഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി മടങ്ങിയെത്തി. അറുവയും കൂടെയുണ്ടായിരുന്ന യുവാവും പൊലീസ് സ്റ്റേഷനിൽ നേരിട്ട് ഹാജരാവുകയായിരുന്നു. ഇരുവരെയും പൊലീസ് കോടതിയിൽ ഹാജരാക്കി.
ചൊക്ലി ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡിൽ മുസ്‌ലിം ലീഗിന്റെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് ടി പി അറുവ. ശനിയാഴ്ച രാവിലെ വീട്ടിൽനിന്ന് പോയതിന് ശേഷം അറുവയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മാതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. പ്രദേശത്തെ ഒരു ബിജെപി പ്രവർത്തകനൊപ്പമാണ് മകൾ പോയതെന്നായിരുന്നു മാതാവിന്റെ ആരോപണം. ഈ വിവരമനുസരിച്ചാണ് ചൊക്ലി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സ്ഥാനാര്‍ത്ഥിയെ കാണാതായത് യുഡിഎഫ് പ്രവർത്തകരിൽ വലിയ ആശങ്കയുണ്ടാക്കിയിരുന്നു. സ്ഥാനാര്‍ത്ഥിയില്ലാതെ പ്രചാരണം നടത്തേണ്ട അനിശ്ചിതാവസ്ഥയിലായിരുന്നു യുഡിഎഫ് നേതൃത്വം. കൊട്ടിക്കലാശത്തിലും സ്ഥാനാര്‍ത്ഥി പങ്കെടുത്തിട്ടില്ല.
അതേസമയം, സ്ഥാനാര്‍ത്ഥിയെ കാണാതായതിനു പിന്നിൽ സിപിഐഎം ആണെന്ന് പ്രാദേശിക യുഡിഎഫ് നേതൃത്വം ആരോപിച്ചിരുന്നുവെങ്കിലും സിപിഐഎം ഈ ആരോപണം പൂർണ്ണമായും തള്ളിയിരുന്നു.




