09 December, 2025 01:50:52 PM
അതിജീവിതയ്‌ക്കൊപ്പം; വിവാദത്തിന് പിന്നാലെ മലക്കം മറിഞ്ഞ് അടൂര്‍ പ്രകാശ്

പത്തനംതിട്ട: നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായിരുന്ന ദിലീപിനെ പിന്തുണച്ച പ്രതികരണം വിവാദമായതിന് പിന്നാലെ മലക്കം മറിഞ്ഞ് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. അതിജീവിതയ്ക്ക് നീതി കിട്ടിയില്ലെന്ന് തന്നെയാണ് താന്‍ പറഞ്ഞതെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. ചില ഭാഗങ്ങള്‍ മാത്രമാണ് സംപ്രേഷണം ചെയ്തതെന്നും അടൂര്‍ പ്രകാശ് മാധ്യമങ്ങളോട് പ്രതികരിച്ചു.
'നീതിന്യായ കോടതിയില്‍ നിന്ന് വിധി വരുമ്പോള്‍ തള്ളിപ്പറയുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിജീവിതയ്ക്ക് നീതി കിട്ടിയില്ല, നീതി കിട്ടാനുള്ള കാര്യങ്ങള്‍ നടക്കണം. പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്ന് ഉണ്ടായ വീഴ്ചയ്ക്ക് സര്‍ക്കാര്‍ ഉരുണ്ട് കളിക്കേണ്ട കാര്യമില്ല. അതിജീവിതയ്ക്ക് ഒപ്പമാണ്. കോണ്‍ഗ്രസ് അത് വ്യക്തമാക്കിയിട്ടുണ്ട്', അടൂര്‍ പ്രകാശ് പറഞ്ഞു.
നടിയെ ആക്രമിച്ച കേസില്‍ കുറെ ആളുകള്‍ ശിക്ഷിക്കപ്പെട്ടെന്നും ദിലീപിനെ ഒഴിവാക്കിയെന്നും അതേക്കുറിച്ചുള്ള അഭിപ്രായമാണ് താന്‍ പറഞ്ഞതെന്നുമായിരുന്നു അടൂര്‍ പ്രകാശിന്‍റെ വിശദീകരണം. അപ്പീല്‍ പോയി അതിജീവിതകള്‍ക്ക് നീതി ലഭിക്കുന്നുണ്ടോയെന്നും അടൂര്‍ പ്രകാശ് ചോദിച്ചു.
നടി എന്ന നിലയില്‍ ആ കുട്ടിയോടൊപ്പമാണ് ഞങ്ങള്‍ എന്ന് പറയുമ്പോഴും ഒരു നീതി എല്ലാവര്‍ക്കും കിട്ടണം. ദിലീപിന് നീതി ലഭിച്ചും എന്നാണ് എന്നാണ് എനിക്ക് പറയാനുള്ള അഭിപ്രായം. അദ്ദേഹം ഒരു കലാകാരന്‍ മാത്രമല്ല, അദ്ദേഹവുമായി നേരിട്ട് ബന്ധമുണ്ടായിരുന്ന ഒരു വ്യക്തി കൂടിയാണ് ഞാന്‍ – അടൂര്‍ പ്രകാശ് പറഞ്ഞു.
ദിലീപിനെ പിന്തുണച്ച് തിരഞ്ഞെടുപ്പ് ദിവസം അടൂര്‍ പ്രകാശ് കോണ്‍ഗ്രസിനെ വെട്ടിലാക്കുകയായിരുന്നു. വോട്ട് ചെയ്തശേഷം രാവിലെ പത്തനംതിട്ടയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുമ്പോഴാണ് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എം.പി നടന്‍ ദിലീപിനെ പിന്തുണച്ച് സംസാരിച്ചത്. പ്രതികരണം തിരിച്ചടിയാകുമെന്ന് മനസിലാക്കി കോണ്‍ഗ്രസ് നേതൃത്വം പൊടുന്നനെ തന്നെ അടൂര്‍ പ്രകാശിനെ തളളി.




