06 December, 2025 04:22:57 PM
രാഹുലിന് തിരിച്ചടി; രണ്ടാമത്തെ കേസിൽ അറസ്റ്റ് തടയാതെ കോടതി

തിരുവനന്തപുരം: 23 കാരിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിന് തിരിച്ചടി. തിരുവനന്തപുരം ജില്ലാ സെഷന്‍ കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂർ ജാമ്യ ഹര്‍ജി വിശദമായ വാദത്തിനായി തിങ്കളാഴ്ചയിലേക്ക് മാറ്റി. കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് കോടതി തടഞ്ഞില്ല. തിങ്കളാഴ്ചയ്ക്കകം കേസില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നും കോടതി നിര്‍ദേശിച്ചു.
കെപിസിസി പ്രസിഡന്റിന് 23 കാരി ഇ മെയില്‍ ആയി നല്‍കിയ പരാതി പിന്നീട് ഡിജിപി കൈമാറിയതോടെയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രണ്ടാമത്തെ കേസ് രജിസ്റ്റര്‍ ചെയ്തത്. ആദ്യ കേസില്‍ ഹൈക്കോടതിയില്‍ നിന്ന് അറസ്റ്റ് തടഞ്ഞ ഉത്തരവ് പുറത്ത് വന്നതിന് പിന്നാലെയാണ് രാഹുല്‍ രണ്ടാമത്തെ കേസില്‍ ജാമ്യ ഹര്‍ജി സമര്‍പ്പിച്ചത്. ജാമ്യ ഹര്‍ജി തീര്‍പ്പാക്കുന്നതുവരെ അറസ്റ്റ് തടയണമെന്ന് കോടതിയില്‍ പെറ്റീഷന്‍ നല്‍കിയിരിക്കുകയാണ്. ആദ്യ ബലാത്സംഗ കേസില്‍ മാത്രമാണ് ഹൈക്കോടതി അറസ്റ്റ് തടഞ്ഞിരിക്കുന്നത്.
രണ്ടാമത്തെ കേസില്‍ പരാതിക്കാരിയില്ലെന്നും ഇ-മെയില്‍ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്നാണ് രാഹുലിന്റെ വാദം. പീഡനം നടന്ന സ്ഥലം, സമയം തുടങ്ങിയ അടിസ്ഥാന വിവരങ്ങള്‍ പോലുമില്ല. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നുമാണ് രാഹുല്‍ ജാമ്യ ഹര്‍ജിയില്‍ ആരോപിക്കുന്നു. എന്നാല്‍ ലൈംഗിക പരാതിയില്‍ സമയവും കാലവും പ്രസക്തമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊലീസിനോട് നിര്‍ദേശിച്ചത്.




