04 December, 2025 03:15:17 PM


കടക്ക് പുറത്ത്! രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കി കോൺഗ്രസ്



തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തില്‍ എംഎൽഎയെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. ലൈംഗിക പീഡന കേസിൽ മുൻകൂർ ജാമ്യ ഹർജി തള്ളിയതിന് പിന്നാലെയാണ് നടപടി. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫാണ് രാഹുലിനെ പുറത്താക്കിയ വിവരം അറിയിച്ചത്. 

നിലവില്‍ സസ്‌പെന്‍ഷനിലുള്ള രാഹുല്‍ മാങ്കൂട്ടത്തിലിനെ ഉയര്‍ന്ന പരാതികളുടെയും രജിസ്റ്റര്‍ ചെയ്ത കേസുകളുടെയും അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു- കെപിസിസി വാർത്താക്കുറിപ്പിൽ അറിയിച്ചു.

രാഹുലിനെ പുറത്താക്കണമെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ നേരത്തെ ഉന്നയിച്ചിരുന്നു. കെ മുരളീധരനടക്കമുള്ള പല നേതാക്കളും കഴിഞ്ഞദിവസങ്ങളില്‍ രാഹുലിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഹുല്‍ വിഷയം കോണ്‍ഗ്രസിനെയും പ്രതിരോധത്തിലാക്കി. ഇതോടെയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കാമെന്ന തീരുമാനത്തിലെത്തിയത്.

യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്നും നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയെന്നുമുള്ള കേസില്‍ രാഹുലിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി കോടതി തള്ളിയതിന് പിന്നാലെയാണ് രാഹുലിനെ പുറത്താക്കിക്കൊണ്ടുള്ള അറിയിപ്പ് വന്നത്. അടച്ചിട്ട കോടതിയില്‍ നടന്ന വാദം വ്യാഴാഴ്ച ഉച്ചയോടെ പൂര്‍ത്തിയായി. തുടര്‍ന്നാണ് ഉച്ചയ്ക്ക് ശേഷം വിധി പറയാനായി മാറ്റിയത്.

കഴിഞ്ഞദിവസം നടന്ന വാദത്തില്‍ അതിജീവിതയുടെ ചാറ്റുകളും വിവാഹ ഫോട്ടോയും അടക്കം പ്രതിഭാഗം ഹാജരാക്കിയപ്പോള്‍ അതിജീവിതയെ ഗര്‍ഭച്ഛിദ്രത്തിന് സമ്മര്‍ദംചെലുത്തുന്ന വാട്സാപ്പ് ചാറ്റുകളെയാണ് പ്രോസിക്യൂഷന്‍ കൂടുതല്‍ ആശ്രയിച്ചത്. കോടതി അനുമതിയോടെ പിന്നീട് കൂടുതല്‍ വാട്സാപ്പ് ചാറ്റുകള്‍ കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.

അതേസമയം രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് കീഴടങ്ങിയേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായി. കാസര്‍കോട് ഹോസ്ദുര്‍ഗ് കോടതി പരിസരത്ത് വന്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചിരിക്കുന്നു. മുന്‍കൂര്‍ ജാമ്യം ഹര്‍ജി തള്ളിയതിന് പിന്നാലെ രാഹുല്‍ കീഴടങ്ങിയേക്കുമെന്ന നിലയില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ പൊലീസ് കസ്റ്റഡിയില്‍ ഉണ്ടെന്ന നിലയിലും റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു. എന്നാല്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റിലായിട്ടില്ലെന്ന് കാഞ്ഞങ്ങാട് ഡിവൈഎസ്പി അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K