16 November, 2025 12:15:57 PM
'ലാലൂരിൻ്റെ വിലാപം കേട്ട' എഴുത്തുകാരി തൃശൂർ കോർപ്പറേഷനിൽ ജനവിധി തേടുന്നു
പി.എം. മുകുന്ദൻ

തൃശൂർ: 'ലാലൂരിൻ്റെ വിലാപം കേട്ട' എഴുത്തുകാരി തൃശൂർ കോർപ്പറേഷനിൽ ജനവിധി തേടുന്നു. ലാലൂർ ഗ്രാമത്തിൻ്റെ ദുരിതചിത്രം മലയാളിക്കുമുന്നിൽ കഥയിലൂടെ വരച്ചിട്ട നോവലിസ്റ്റ് ലിസി തൃശൂർ കോർപറേഷനിൽ എൽഡിഎഫ് സ്ഥാനാർഥിയായാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
ലിസിയുടെ 'ആനന്ദക്കുട്ടൻ ഒരു ഗുണ്ട' എന്ന ചെറുകഥയിലൊരിടത്ത് ലാലൂരിനെ പരാമർശിക്കുന്നതിങ്ങനെയാണ്. "മഴക്കാലമായാലത്തെ കഥ പിന്നെ പറയും വേണ്ട... ചുറ്റുമതിലുകളുള്ള ട്രഞ്ചിങ് ഗ്രൗണ്ടിലെ വെള്ളമെല്ലാം ഈ മാലിന്യമലകളെ ഇടിച്ചിറക്കി നരകത്തിന് കൈവഴിവെട്ടിയതുപോലെ അങ്ങ്‌ട് പൊട്ടിയൊഴുകാൻ തുടങ്ങും. മതിൽകെട്ടി മറയ്ക്കാ ആ ഭാഗത്തൂടെ മടകളിലേക്കൊഴുകി ചീഞ്ഞുനാറുന്ന കുത്തൊഴുക്ക് ആദ്യമെത്തണത് നമ്മ്‌ടെ ആനന്ദക്കുട്ടന്റെ വഴിയിലേക്കാണ്..."
2010ലാണ് 'ആനന്ദക്കുട്ടൻ ഒരു ഗുണ്ട' കലാകൗമുദിയിൽ പ്രസിദ്ധീകരിച്ചത്. 'ആനന്ദക്കുട്ടന്റെ വീട്ടുമുറ്റത്തേക്ക് പൊട്ടിയൊലിച്ചെത്തുന്ന മലിനജലം ലാലൂരിന്റെ അഭിശപ്തമായ ഓർമ മാത്രമാണിന്ന്. 15 വർഷത്തിനിപ്പുറം മാലിന്യമല നിന്നിടത്ത് അതിമനോഹരമായ ഒരു സ്പോർട്സ് കോംപ്ലക്സാണ്.
എഴുത്തുകാരി ലിസി ഇക്കുറി തൃശൂർ കോർപറേഷനിൽ എൽ ഡി എഫ് സ്ഥാനാർഥിയാണ്. ലാലൂർ ഡിവിഷനിൽനിന്ന് ചുറ്റിക അരിവാൾ നക്ഷത്രം അടയാളത്തിൽ ലിസി ജോയ് ജനവിധി തേടും. സാഹിത്യത്തിനൊപ്പം അരണാട്ടുകര പ്രദേശത്തെ നിത്യജീവിതത്തിലെ സാന്നിധ്യമാണ് അവർ.
കാൽനൂറ്റാണ്ടോളമായി അര ണാട്ടുകരയിൽ താമസിക്കുന്ന ലിസി 35 വർഷത്തോളം കാത്തലിക് സിറിയൻ ബാങ്കിൽ ഉദ്യോഗസ്ഥയായിരുന്നു. ചീഫ് മാനേജരായാണ് വിരമിച്ചത്. ഒരുവർഷത്തോളം പോസ്റ്റൽ ആൻഡ് ടെലഗ്രാഫ് ഡിപ്പാർട്ട്മെൻ്റിലും ജോലിചെയ്തിട്ടുണ്ട്.
തൃശൂർ കിഴേക്കക്കോട്ടയിൽ പയ്യപ്പിള്ളി പെരുമ്പുള്ളിക്കാടൻ വറിതിൻ്റെയും മറിയത്തിൻ്റെയും മകളായാണ് ജനനം. തൃശുർ സെന്റ് ക്ലെയേഴ്‌സ് സ്കൂൾ, സെന്റ് മേരീസ് കോളേജ്, വിമല കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ആദ്യ നോവലായ 'മുംബൈ' മാതൃഭൂമി ബുക്സ് നോവൽ അവാർഡിനും എസ് കെ മാരാർ അവാർഡിനും അർഹമായി. രണ്ടാമത്തെ നോവൽ വിളനിലങ്ങൾ. 'വിലാപ്പുറങ്ങൾ'ക്ക് 2015ലെ എംപി പോൾ സാഹിത്യ പുരസ്കാരം, സാഹിത്യവിമർശം അവാർഡ്, 2015ലെ യുവകലാസാഹിതിയുടെ രാജലക്ഷ്മി അവാർഡ്, 2017ലെ കെസിബിസി മീഡിയ സാഹിത്യ അവാർഡ് എന്നിവ ലഭിച്ചു.
'അർഥകാമ' എന്ന നോവൽ ബാങ്കിങ് രംഗത്തെ ജീവിതം അനാവരണം ചെയ്യുന്നതാണ്. 'ബോറിബന്തറിലെ പശു' എന്ന കഥാസമാഹാരത്തിന് 2018ലെ മുതുകുളം പാർവതിയമ്മ അവാർഡ്, 2019ലെ അവനിബാല പുരസ്കാരം എന്നിവ ലഭിച്ചു.അരണാട്ടുകര ബ്ലൂം ഫീൽഡിലെ വലന്റയിൻസിലാണ് ലിസിയും കുടുംബവും താമസിക്കുന്നത്. ഭർത്താവ്: കെ ജോയ് തോമസ്. മക്കൾ: നിനു ടോം, ഡോ. നിതിൻ ജോയ്.




