14 November, 2025 09:30:40 AM


മോട്ടോര്‍ വാഹനവകുപ്പിന്‍റെ പേരില്‍ വ്യാജസന്ദേശം; ലക്ഷങ്ങൾ തട്ടിയ യുവതി അറസ്റ്റിൽ



തൃശൂർ: മോട്ടോർ വാഹനവകുപ്പിന്റെ പേരിൽ വ്യാജസന്ദേശം അയച്ച് 9.90 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. ഫരീദാബാദ് സ്വദേശിനി ലക്ഷ്മി(23)യെയാണ് കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കൊടുങ്ങല്ലൂർ സ്വദേശിയാണ് തട്ടിപ്പിന് ഇരയായത്.

മേത്തല കോട്ടപ്പുറം സ്വദേശി കരിയപറമ്പിൽ തോമസ് ലാലന്റെ ഫോൺ ഹാക്ക് ചെയ്ത് പണം തട്ടിയെടുക്കുകയായിരുന്നു. നിർമാണ കരാറുകാരനായ തോമസ് ലാലൻ പണം പിൻവലിക്കാൻ ബാങ്കിൽ എത്തിയപ്പോഴാണ് അക്കൗണ്ടിൽ നിന്ന് സെപ്റ്റംബർ 29-ന് മൂന്നുതവണകളായി 9.90 ലക്ഷം രൂപ ഓൺലൈനായി കൈമാറ്റം ചെയ്തതായി കണ്ടെത്തിയത്.

തുടർന്ന് റൂറൽ സൈബർ പൊലീസ് നടത്തിയ പരിശോധനയിൽ ഫോണിൽ ആർടിഒ ചലാൻ എന്ന പേരിലുള്ള എപികെ ഫയൽ ഇൻസ്റ്റാൾ ചെയ്തതായി കണ്ടെത്തി. ഹരിയാണയിൽ നടത്തിയ അന്വേഷണത്തിൽ പണം ക്രെഡിറ്റ് ആയ അക്കൗണ്ട് വ്യാജവിലാസത്തിൽ ഉള്ളതാണെന്ന് ബോധ്യപ്പെട്ടു. ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് ബാങ്ക് അക്കൗണ്ട് ഉടമയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K