31 October, 2025 09:02:09 AM


ഓട്ടത്തിന് വിളിച്ചു; ഡ്രൈവറുടെ കണ്ണില്‍ മുളകുപൊടി വിതറിയ ശേഷം കാര്‍ തട്ടിയെടുത്തു



തൃശൂര്‍: ഡ്രൈവറുടെ കണ്ണില്‍ മുളകുപൊടി വിതറിയ ശേഷം വാഹനം തട്ടിയെടുത്തു. മുണ്ടത്തികോട് സ്വദേശിയായ വിനോദിന്റെ എറ്റിയോസ് കാറാണ് മോഷണം പോയത്. പിന്നീട് കാറിന്റെ ജിപിഎസ് ഉപയോഗിച്ച് പൊലീസ് നടത്തിയ അന്വേഷണത്തില്‍ വാഹനം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.

മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സമീപമുള്ള ടാക്‌സി സ്റ്റാന്‍ഡില്‍ നിന്ന് കുറാഞ്ചേരിയിലെ വീട്ടിലെത്തി വീട്ടുകാരെ കൂട്ടി ആലുവയിലേക്ക് പോകണമെന്ന് പറഞ്ഞാണ് മൂന്നംഗ സംഘം വിനോദിനെ ഓട്ടത്തിന് വിളിച്ചത്. വടക്കാഞ്ചേരി കല്ലംപറയിലെ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് മുളകുപൊടി കണ്ണിലെറിഞ്ഞ ശേഷം ഡ്രൈവറെ മര്‍ദിച്ച് കാര്‍ തട്ടിയെടുക്കുകയായിരുന്നു.

കാറിന്റെ ലൊക്കേഷന്‍ മനസിലാക്കിയ പൊലീസ് മണിക്കൂറുകള്‍ക്കകം വാഹനം കുന്നംകുളം യൂണിറ്റി ആശുപത്രിയിലെ പാര്‍ക്കിങ് ഏരിയയില്‍ നിന്നും കണ്ടെത്തുകയായിരുന്നു. പൊലീസ് എത്തുന്നതിന് മുമ്പേ പ്രതികള്‍ കടന്നു കളഞ്ഞു. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K