30 October, 2025 04:04:38 PM
ആറ്റൂരിൽ നവജാത ശിശുവിനെ ക്വാറിയിൽ തള്ളിയ സംഭവം; അമ്മയ്ക്കെതിരെ കേസെടുത്തു

തൃശ്ശൂർ: തൃശ്ശൂർ ആറ്റൂരിൽ നവജാത ശിശുവിനെ ക്വാറിയിൽ തള്ളിയ സംഭവത്തില്‍ അമ്മയ്ക്കെതിരെ കേസെടുത്തു. ആറ്റൂർ സ്വദേശിനി സ്വപ്ന (37)ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. നിലവിൽ സ്വപ്ന പൊലീസ് നിരീക്ഷണത്തിലാണ്. രക്തസ്രാവം മൂലം യുവതി ചികിത്സ തേടിയപ്പോഴാണ് കുഞ്ഞിനെ ഉപേക്ഷിച്ച വിവരം പുറത്തറിയുന്നത്. ഗുരുതരാവസ്ഥയിലായ യുവതി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. വീട്ടിൽ വെച്ച് തന്നെയാണ് പ്രസവിച്ചതെന്നും കുഞ്ഞ് മരിച്ചെന്നുമാണ് യുവതിയുടെ മൊഴി. എന്നാല്‍, മുഖത്ത് വെള്ളമൊഴിച്ച് കുഞ്ഞിനെ കൊന്നതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. എട്ട് മാസം വളർച്ചയുള്ള കുഞ്ഞാണ് മരിച്ചത്.




