29 October, 2025 07:26:09 PM
പിഎം ശ്രീയിൽ പുനഃപരിശോധന; പഠിക്കാൻ ഏഴംഗ മന്ത്രിസഭാ ഉപസമിതി

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ധാരണപത്രം ഒപ്പിട്ടതില്‍ വിവാദങ്ങളും ആശങ്കകളും ഉയര്‍ന്ന പശ്ചാത്തലത്തില്‍ നടപടി പുനപരിശോധിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം പരിശോധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനായി ഏഴ് അംഗങ്ങളുള്ള ഉപസമിതി രൂപീകരിച്ചു. ഉപസമിതിയുടെ റിപ്പോര്‍ട്ട് വരുന്നതുവരെ പിഎം ശ്രീയുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ നിര്‍ത്തിവയ്ക്കും. ഇക്കാര്യം കേന്ദ്രസര്‍ക്കാരിനെ കത്തുമൂലം അറിയിക്കും.
കെ രാജന്‍, റോഷി അഗസ്റ്റിന്‍, പി രാജീവ്, വി ശിവന്‍ കുട്ടി, പി പ്രസാദ്, എകെ ശശീന്ദ്രന്‍, കെ കൃഷ്ണന്‍കുട്ടി എന്നിവരാണ് സമിതിയില്‍ ഉണ്ടാകുക. ഉപസമിതിയിൽ സിപിഐയിൽനിന്ന് 2 മന്ത്രിമാരുണ്ട്. രാഷ്ട്രീയപാര്‍ട്ടികളുടെ ആവശ്യങ്ങള്‍ അവഗണിച്ചു തിടുക്കപ്പെട്ട് സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം (എസ്‌ഐആര്‍) നടപ്പാക്കുന്നതില്‍ ആശങ്കയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തുടര്‍നടപടി തീരുമാനിക്കാന്‍ നവംബര്‍ 5ന് വൈകിട്ട് നാലിന് സര്‍വകക്ഷിയോഗം വിളിച്ചു ചേര്‍ക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.




