17 December, 2025 12:17:11 PM
അതിജീവിതയെ അപമാനിച്ച് മാർട്ടിന്‍റെ വീഡിയോ; പരാതി നൽകി അതിജീവിത, പങ്കുവെച്ചവരും കുടുങ്ങും

കൊച്ചി: സമൂഹമാധ്യമങ്ങളിലെ അധിക്ഷേപത്തിൽ പൊലീസിൽ പരാതി നൽകി നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിത. കേസിലെ പ്രതിയായ മാർട്ടിൻ അതിജീവിതയെ അധിക്ഷേപിച്ച് സമൂഹമാധ്യമത്തിലൂടെ വീഡിയോ പ്രചരിപ്പിച്ചിരുന്നു. ഇതിൽ നടപടിവേണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. മാർട്ടിന്‍റെ വീഡിയോ പങ്കുവെച്ചവർക്കെതിരെയും അതിജീവിത നടപടി വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഡിഐജി ഹരിശങ്കറിനാണ് പരാതി നൽകിയത്. പരാതിക്കൊപ്പം വീഡിയോ ലിങ്കുകളും കൈമാറി. അതിജീവിതയുടെ പരാതിയിൽ പൊലീസ് ഉടൻ കേസെടുക്കും. സമൂഹമാധ്യമത്തിലെ അധിക്ഷേപത്തിൽ നടപടിയെടുക്കണമെന്ന് അതിജീവിത മുഖ്യമന്ത്രിയോടും ആവശ്യപ്പെട്ടിരുന്നു.
സാമൂഹ്യ മാധ്യമങ്ങളിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നുവെന്നും വ്യക്തിപരമായ വിവരങ്ങൾ പങ്കുവെക്കുന്നുമെന്നുമായിരുന്നു അതിജീവിത പരാതിയായി ഉന്നയിച്ചത്. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ താൻ നേരിടുന്ന സൈബർ ആക്രമണം അതിജീവിത ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. പിന്നാലെ ഇതിൽ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി നിർദേശിക്കുകയും ചെയ്തിരുന്നു. അതിജീവിതയെ അധിക്ഷേപിച്ചവരുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ പൊലീസ് പരിശോധിക്കുന്നുണ്ട്. മാർട്ടിന്റെ വീഡിയോ പങ്കുവെച്ചവർക്കെതിരെ കടുത്ത വകുപ്പുകൾ ചേർത്തായിരിക്കും കേസ് എടുക്കുക. നടി ആക്രമിക്കപ്പെട്ട കേസിൽ വിധി വന്നതിന് തൊട്ടുപിന്നാലെയാണ് കേസിലെ രണ്ടാം പ്രതിയായ മാർട്ടിന്റെതായ വീഡിയോ പുറത്തുവന്നത്. മാർട്ടിൻ ജാമ്യത്തിലായിരുന്ന സമയത്ത് ചിത്രീകരിച്ചതെന്ന് കരുതുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് നടിയുടെ പരാതി.




