25 October, 2025 08:28:12 PM


ഇന്ത്യൻ പരസ്യരംഗത്തെ കുലപതി പീയൂഷ് പാണ്ഡേയെ തൃശൂരിൽ അനുസ്‌മരിച്ചു



തൃശൂർ: മുംബൈയിൽ വിടപറഞ്ഞ, ഇന്ത്യൻ പരസ്യരംഗത്തെ ഇതിഹാസമായ പീയൂഷ് പാണ്ഡേയെ തൃശ്ശൂരിൽ നടന്ന യോഗം അനുസ്‌മരിച്ചു. ടോംയാസിൽ നടന്ന ചടങ്ങിൽ കേരള അഡ്വർടൈസിംഗ് ഏജൻസീസ് അസ്സോസിയേഷൻ സോൺ പ്രസിഡണ്ട് പി.എം. മുകുന്ദൻ അദ്ധ്യക്ഷനായിരുന്നു.

 27-ാം വയസ്സിലാണ് പരസ്യ ഏജൻസിയായ ഒഗിൽവിയിൽ പീയൂഷ് പാണ്ഡേ ചേരുന്നത്. ന്യൂഡൽഹിയിലെ ഇന്ത്യൻ ന്യൂസ്പേപ്പർ സൊസൈറ്റിയുടെ ഫുൾ അക്രഡിറ്റേഷൻ തൃശ്ശൂരിൽ ആദ്യമായി ലഭിച്ച ടോംയാസ് പരസ്യ ഏജൻസി താൻ ആരംഭിച്ചതും 27-ാം വയസ്സിൽ തന്നെയാണെന്ന് ടോംയാസ് അഡ്വർടൈസിംഗ് മാനേജിംഗ് ഡയറക്ടർ തോമസ് പാവറട്ടി അനുസ്മരിച്ചു. മൂന്നുതവണ ഇദ്ദേഹത്തിൻ്റെ ക്ലാസ്സുകളിൽ പങ്കെടുക്കുവാനുള്ള ഭാഗ്യമുണ്ടായിട്ടുണ്ടെന്നും തോമസ് പാവറട്ടി പറഞ്ഞു.

ഇന്ത്യ ഏറ്റുപാടിയ ദേശീയോദ്ഗ്രഥന വീഡിയോഗാനം - മിലേ സുർ മേരാ തുമാരാ- രചിച്ചത് പീയൂഷ് പാണ്ഡേയാണ്. 1988ൽ ദൂരദർശനിലൂടെ പ്രത്യക്ഷപ്പെട്ട ആ ഗാനം ഇന്ത്യയിലെ പതിനാല് ഭാഷകൾ ഉൾപ്പെടുത്തി നാനാത്വത്തിലെ ഏകത്വം എന്ന ആശയം ആവിഷ്‌കരിച്ചതായിരുന്നു. ഭീംസെൻ ജോഷി, ലതാമങ്കേഷ്‌കർ, ബാലമുരളീകൃഷ്‌ണ, അമിതാഭ് ബച്ചൻ, പ്രകാശ് പദുകോൺ, മല്ലികാ സാരാഭായ് തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ വ്യത്യസ്‌ത മേഖലകളിൽ നിന്നുള്ള മുപ്പതോളം പേർ ആ ഗാനരംഗത്ത് അണിനിരന്നു.

'എൻ്റെ സ്വരവും നിങ്ങളുടെ സ്വരവും ഒത്തുചേർന്നു നമ്മുടെ സ്വരമായ്' എന്ന ഈ പാട്ടിലെ മലയാളം വരികൾ പാടിയത് മുംബൈയിൽ പരസ്യലോകത്ത് നിറഞ്ഞുനിന്ന എറണാകുളം സ്വദേശി കെ.ജെ. കുരുവിളയും ഈ രംഗത്ത് അഭിനയിച്ചത് തേക്കടി മാന്നാർകുടിയിലുള്ള ജി. കൃഷ്‌ണൻ എന്ന ഗോത്ര സമുദായാംഗവുമായിരുന്നു.

അനുസ്‌മരണ ചടങ്ങിൽ കെ.പി. നമ്പൂതിരീസ് ആയുർവ്വേദിക്‌സ് ജനറൽ മാനേജർ വി. നാരായണനുണ്ണി, റിട്ട. ഗവ. അഡീഷണൽ സെക്രട്ടറിയും ടോംയാസ് ക്രിയേറ്റീവ് ഡയറക്ടറുമായ ഷെല്ലി പോൾ, ടോംയാസ് സീനിയർ ഷെഡ്യൂളിംഗ് മാനേജർ ടോണി സി.ഡി. തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് പീയൂഷ് പാണ്ഡേയുടെ ചിത്രത്തിനു മുൻപിൽ പുഷ്‌പാർച്ചന നടത്തി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K