25 October, 2025 04:11:22 PM
കാവൽക്കാരനിൽ നിന്നും കോടീശ്വരനിലേക്ക്: മുരാരി ബാബുവിൻ്റെ വളർച്ചയിൽ ദുരൂഹതകൾ ഏറെ

കോട്ടയം : കാവൽക്കാരനായി ദേവസ്വം ബോർഡിൽ ജോലി ആരംഭിച്ച മുരാരി ബാബു ഇപ്പോൾ കോടീശ്വരനായി മാറിയതിനു പിന്നിൽ ഒട്ടേറെ ദുരൂഹതകൾ ബാക്കി നിൽക്കുകയാണ്. ഇയാള്‍ പെരുന്നയില്‍ വീടു നിര്‍മിച്ചതിന്റെ സാമ്പത്തികസ്രോതസ്സ് കണ്ടെത്താന്‍ അന്വേഷണ സംഘം. ശബരിമലയില്‍നിന്നു സ്വര്‍ണപ്പാളി കടത്തിയതും വീടുപണിയും ഒരേ കാലയളവിലാണെന്നു കണ്ടെത്തിയ അന്വേഷണസംഘം ഇന്നലെ പെരുന്നയിലെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു.
പെരുന്നയില്‍ 2 നിലകളുള്ള വലിയ വീട് 2019നു ശേഷമാണ് പണിതത്. ഒന്നരവര്‍ഷം കൊണ്ടു പണിതീര്‍ത്തു. വീടിനു മാത്രം 2 കോടിയോളം രൂപ ചെലവായിട്ടുണ്ടെന്നു കണക്കാക്കപ്പെടുന്നു. മുന്തിയ തടി ഉരുപ്പടികള്‍ പാകിയിട്ടുണ്ട്. ക്ഷേത്രാവശ്യങ്ങള്‍ക്കെന്നു തെറ്റിദ്ധരിപ്പിച്ച് മുരാരി ബാബു വീടുപണിക്കുള്ള തേക്കുതടികള്‍ വാങ്ങിയതെന്നാണ് സൂചന.
തിരുനക്കര, ഏറ്റുമാനൂര്‍ ക്ഷേത്രങ്ങളിലേക്കും ദേവസ്വം ഗെസ്റ്റ് ഹൗസിലേക്കുമുള്ള പണികള്‍ക്കായി തേക്കുതടികള്‍ ആദ്യം ആവശ്യപ്പെട്ടത് വനം വകുപ്പിന്റെ കോട്ടയം നട്ടാശേരിയിലുള്ള തടി ഡിപ്പോയിലാണ്. അവിടെ സ്റ്റോക്കില്ലെന്നു പറഞ്ഞതോടെ പരിചയക്കാരന്റെ ഡിപ്പോയില്‍നിന്ന് ഏര്‍പ്പാടാക്കാന്‍ മുരാരി ബാബു ആവശ്യപ്പെട്ടു. വനം ഉദ്യോഗസ്ഥര്‍ വിളിച്ചുപറഞ്ഞതനുസരിച്ച് ഈ ഡിപ്പോയില്‍നിന്നു നല്‍കി. തിരുനക്കരയിലും ഏറ്റുമാനൂരിലും ഈ സമയത്ത് ഇത്രയധികം തടിപ്പണികള്‍ നടന്നിട്ടില്ലെന്നു ദേവസ്വം മരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
വൈക്കം, ഏറ്റുമാനൂര്‍, തിരുനക്കര എന്നിവിടങ്ങളിലെ ഉത്സവങ്ങള്‍ക്ക് 'സ്‌പെഷല്‍ ഓഫിസര്‍' തസ്തികയില്‍ മുരാരി സേവനമനുഷ്ഠിച്ചു. 3 ക്ഷേത്രങ്ങളിലും ഉത്സവത്തിന് ആനകളെ കരാറെടുക്കുന്നതില്‍ ക്രമക്കേടു നടത്തിയതായി പിന്നീട് കണ്ടെത്തി. ക്ഷേത്രത്തിലെ സ്വര്‍ണ രുദ്രാക്ഷമാല കാണാതായതും ശ്രീകോവിലില്‍ തീപിടിച്ചതും സ്വര്‍ണപ്രഭയിലെ 3 നാഗപ്പാളികള്‍ വിളക്കിച്ചേര്‍ത്തതും മുരാരി ജോലി ചെയ്ത കാലയളവിലാണ്.




