21 October, 2025 08:07:07 PM
രാഷ്‌ട്രപതി കേരളത്തിലെത്തി; ശബരിമല സന്ദർശനം നാളെ

തിരുവനന്തപുരം: ശബരിമല സന്ദർശനത്തിനായി രാഷ്ട്രപതി കേരളത്തിലെത്തി. രാഷ്ട്രപതി ദ്രൗപതി മുർമു തിരുവനന്തപുരം വിമാനത്താവളത്തിലാണ് എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ രാജേന്ദ്ര അർലേക്കറും ചേർന്ന് രാഷ്ട്രപതിയെ സ്വീകരിച്ചു. ഇന്ന് ഔദ്യോഗിക പരിപാടികളൊന്നുമില്ല.
ഇന്ന് രാജ്ഭവനിൽ തങ്ങുന്ന രാഷ്ട്രപതി നാളെ ശബരിമലയിൽ ദർശനം നടത്തും. നാളെ രാവിലെ ഹെലികോപ്ടറിൽ നിലയ്ക്കലിൽ എത്തിയ ശേഷം റോഡ് മാർഗം പമ്പയിലേക്ക് പോകും. ഉച്ചയോടെയായിരിക്കും പ്രത്യേക വാഹനത്തില്‍ സന്നിധാനത്ത് എത്തുക. രാഷ്ട്രപതിയുടെ സന്ദർശനത്തിൻ്റെ ഭാഗമായി കർശന സുരക്ഷയാണ് തിരുവനന്തപുരം നഗരത്തിൽ ഏർപ്പെടുത്തിട്ടുള്ളത്.
ശബരിമല ദര്‍ശനത്തിനുശേഷം രാത്രി തിരുവനന്തപുരത്ത് തിരിച്ചെത്തും. ഹോട്ടല്‍ ഹയാത്ത് റീജന്‍സിയില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ നല്‍കുന്ന അത്താഴവിരുന്നില്‍ പങ്കെടുക്കും. 23ന് രാജ്ഭവനില്‍ മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണന്റെ പ്രതിമ അനാച്ഛാദനം ചെയ്യും. ഉച്ചയ്ക്ക് ശിവഗിരിയില്‍ ശ്രീ നാരായണഗുരു മഹാസമാധി സമ്മേളനവും ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പാലാ സെൻ്റ് തോമസ് കോളേജിലെ പ്ലാറ്റിനം ജൂബിലി ആഘോഷത്തില്‍ പങ്കെടുക്കും. അന്ന് കുമരകത്താണ് താമസം. 24ന് എറണാകുളം സെൻ്റ് തെരേസാസ് കോളേജിലെ ചടങ്ങില്‍ പങ്കെടുത്തശേഷം ഡല്‍ഹിക്ക് മടങ്ങും.