19 October, 2025 01:06:35 PM


ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണവും പണവും രേഖകളും പിടിച്ചെടുത്തു



പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ കസ്റ്റഡിയിലെടുത്ത സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ നിന്നും പരിശോധനയില്‍ പണവും സ്വര്‍ണവും പിടിച്ചെടുത്തു. ആഭരണങ്ങളുടെ രൂപത്തിലുള്ള സ്വര്‍ണമാണ് കണ്ടെടുത്തത്. ശബരിമലയിലെ പാളികളുമായി ബന്ധപ്പെട്ട രേഖകളും പകര്‍പ്പുകളും അന്വേഷണ സംഘം പിടിച്ചെടുത്തതിലുണ്ട്.

സ്വര്‍ണം ആഭരണങ്ങളുടെ രൂപത്തിലാണെങ്കില്‍ കൂടി ഇതിനൊന്നും കൃത്യമായ രേഖകളില്ല. കവര്‍ച്ച ചെയ്യപ്പെട്ട സ്വര്‍ണമാണോ ഇത്തരത്തില്‍ സൂക്ഷിച്ചതെന്ന സംശയം അന്വേഷണ സംഘത്തിനുണ്ട്. പിടിച്ചെടുത്തവ തങ്ങള്‍ ഉപയോഗിക്കുന്ന സ്വര്‍ണാഭരണങ്ങളാണെന്നാണ് കുടുംബം അന്വേഷണ സംഘത്തോട് പറഞ്ഞത്.

പോറ്റിയുടെ വീട്ടിലെ അലമാരയിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്. പൊലീസിനൊപ്പം റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും പരിശോധനയ്ക്കായി എത്തിയിരുന്നു. പോറ്റിയുടെ ഭൂമി ഇടപാടിൽ ദുരൂഹതയുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് അതുമായി ബന്ധപ്പെട്ട രേഖകളും പരിശോധിച്ചു. പല രേഖകളും, ഹാർഡ് ഡിസ്കും അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്. ഇവ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.

ചില രേഖകൾ നശിപ്പിച്ചെന്ന സംശയത്തിൽ കരിയില കത്തിച്ച സ്ഥലത്തും പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊബൈൽ ഫോണും ലാപ്ടോപ്പും വീട്ടിൽ ഉണ്ടായിരുന്ന രേഖകകളും പിടിച്ചെടുത്തു. ഇഞ്ചക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യം ചെയ്യൽ പുരോഗമിക്കുന്നതിനിടെ ആണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിലെ എസ്ഐടി പരിശോധന നടത്തിയത്.  

ദ്വാരപാലക ശില്‍പങ്ങളും പില്ലറുകളും പല സ്ഥലങ്ങളിലും പ്രദര്‍ശിപ്പിച്ച് ആചാരലംഘനം നടത്തുകയും തുടര്‍ന്ന് ശബരിമലയില്‍ എത്തിക്കുകയുമായിരുന്നു. ദുരുപയോഗം ചെയ്ത സ്വര്‍ണത്തിന് പകരം സ്വര്‍ണംപൂശുന്നതിനായി വിവിധ സ്‌പോണ്‍സര്‍മാരെ കണ്ടെത്തി അവരില്‍ നിന്ന് വലിയ അളവ് സ്വര്‍ണം വാങ്ങി അത് മുഴുവനായി കൈവശപ്പെടുത്തുകയും ചെയ്തു. കൂടുതല്‍ തെളിവ് ശേഖരിക്കുന്നതിനായി പ്രതിയെ മറ്റ് സംസ്ഥാനങ്ങളില്‍ ഉള്‍പ്പടെ കൊണ്ടുപോകേണ്ടതുണ്ട്. പ്രതി സമൂഹത്തില്‍ സ്വാധീനമുള്ളയാളും തെളിവ് നശളിപ്പിക്കാനും കേസിന്റെ അന്വേഷണം തടസ്സപ്പെടുത്താനും കഴിവുള്ളയാളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ 13 ദിവസത്തേക്ക് പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടു. രാവിലെ 10.30നാണ് പോറ്റിയെ പ്രത്യേക അന്വേഷണ സംഘം റാന്നി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയിലെത്തിച്ചത്. അഭിഭാഷകകരെ ഉള്‍പ്പെടെ പുറത്തിറക്കി രഹസ്യമായാണു നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. ഇതു പൂര്‍ണമായും വിഡിയോയില്‍ ചിത്രീകരിച്ചു. ശബരിമലയിലെ 2 കിലോ സ്വര്‍ണം കവര്‍ന്നു എന്നതാണു കേസ്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 957