18 October, 2025 12:59:27 PM


ബാങ്ക് നിയമനത്തിന് കോഴ: ഐ സി ബാലകൃഷ്ണൻ എംഎൽഎയ്ക്കെതിരെ കേസ്



കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരി എംഎല്‍എ ഐ സി ബാലകൃഷ്ണനെതിരെ വിജിലന്‍സ് കേസ്. ഐ സി ബാലകൃഷ്ണനെ പ്രതി ചേര്‍ത്ത് എഫ്‌ഐആര്‍ ഇട്ട് കേസെടുത്തു. സഹകരണ ബാങ്കുകളെ ഉപയോഗിച്ച് ഐ സി ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ തട്ടിപ്പ് നടത്തിയെന്ന ആരോപണം വിജിലന്‍സ് അന്വേഷിച്ചിരുന്നു.

വയനാട് ജില്ലാ വിജിലന്‍സ് ഡിവൈഎസ്പി ഷാജി വര്‍ഗ്ഗീസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സംസ്ഥാന വിജിലന്‍സിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. വിജിലന്‍സ് ഡയറക്ടറുടെ അനുമതിയെ തുടര്‍ന്നാണ് കേസെടുത്തിരിക്കുന്നത്. കേസില്‍ നിലവില്‍ ഐ സി ബാലകൃഷ്ണന്‍ മാത്രമാണ് ഏക പ്രതി.

എന്‍എം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കോണ്‍ഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കുകളില്‍ നിയമനത്തിനായി കോഴ വാങ്ങിയതില്‍ എംഎല്‍എയ്ക്ക് പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു. നിയമനക്കോഴയുമായി ബന്ധപ്പെട്ട വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍. നേരത്തെ എന്‍ എം വിജയന്റേയും മകന്റെയും മരണത്തില്‍ ഐ സി ബാലകൃഷ്ണന്‍ വയനാട് മുന്‍ ഡിസിസി അധ്യക്ഷന്‍ എന്‍ ഡി അപ്പച്ചന്‍, കെ കെ ഗോപിനാഥന്‍ എന്നിവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം പ്രതി ചേര്‍ത്തിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 940