17 October, 2025 01:51:44 PM


ശിരോവസ്ത്രം ധരിച്ച ടീച്ചർ ഹിജാബ് പാടില്ലെന്ന് പറയുന്നത് വിരോധാഭാസം- വി ശിവന്‍കുട്ടി



കോഴിക്കോട്: ഹിജാബ് വിവാദത്തിൽ പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ മാനേജ്മെന്റിനെ വിമർശിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ശിരോവസ്ത്രം ധരിച്ച ടീച്ചർ സ്കൂളിൽ ഹിജാബ് പാടില്ലെന്ന് പറയുന്നത് വിരോധാഭാസമാണെന്നും കുട്ടി സ്കൂൾ വിടാൻ കാരണക്കാരായവർ മറുപടി പറയേണ്ടിവരുമെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു. കുട്ടി സ്കൂളിലെ പഠനം അവസാനിപ്പിക്കുന്നുവെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

'കുട്ടി എന്ത് കാരണത്താലാണ് സ്കൂൾ വിട്ടുപോകുന്നതെന്നത് പരിശോധിക്കും. അതിന് കാരണക്കാരായവർ സർക്കാരിനോട് മറുപടി പറയേണ്ടിവരും. കുട്ടിക്ക് മാനസിക സംഘർഷത്തിന്‍റെ പേരിൽ എന്തെങ്കിലും ബുദ്ധുമുട്ടുണ്ടായിൽ അതിന്‍റെ പൂർണ ഉത്തരവാദി സ്കൂൾ അധികാരികളായിരിക്കും. ഭരണഘടനയും വിദ്യാഭ്യാസ അവകാശ നിയമങ്ങളുമുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ മാത്രമേ വിദ്യാഭ്യാസം അനുവദിക്കൂ. ഒരാഴ്ചയായി ആ കുട്ടി അനുഭവിക്കുന്ന മാനസിക സംഘർഷം എത്രമാത്രമായിരിക്കും. അങ്ങനെ ഒരു കൊച്ചു കുട്ടിയോട് പെരുമാറാൻ പാടുണ്ടോ? സ്കൂളിൽ തന്നെ പറഞ്ഞുതീർക്കേണ്ട വിഷയമാണ് ഇത്തരത്തിൽ വഷളാക്കിയത്' - മന്ത്രി പറഞ്ഞു.

കുട്ടിയെ സംരക്ഷിക്കുക എന്നതാണ് സർക്കാരിന്റെ നിലപാട്. ലീഗൽ അഡ്വൈസർ സ്കൂളിന്‍റെ കാര്യം സംസാരിക്കേണ്ട. ശിരോവസ്ത്രം ധരിച്ചിരിക്കുന്ന ഒരു ടീച്ചർ കുട്ടിയോട് ശിരോവസ്ത്രം ധരിക്കാൻ പാടില്ല എന്ന് പറയുന്നത് വിരോധാഭാസമാണ്. യൂണിഫോം നിറമുള്ള ശിരോവസ്ത്രം അനുവദിക്കുകയാണ് വേണ്ടത്. സര്‍ക്കാരിന് മറുപടി പറയേണ്ടത് ലീഗല്‍ അഡ്വൈസറല്ലെന്നും ചര്‍ച്ച ചെയ്ത് തീര്‍ക്കേണ്ട വിഷയം വഷളാക്കിയെന്നും ശിവന്‍കുട്ടി പറഞ്ഞു.

അതേസമയം ഇതുവരെ സ്കൂളിന്റെ ഭാഗത്ത് നിന്നും ആരും ബന്ധപ്പെട്ടിട്ടില്ലെന്നും മതസൗഹാർദം തകരുന്ന ഒന്നും ഉണ്ടാവരുതെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും കുട്ടിയുടെ പിതാവ് പ്രതികരിച്ചിരുന്നു. നാട്ടിലെ സമാധാനം തകർക്കുന്ന തരത്തിലുള്ള നടപടിയാണ് ഉണ്ടായതെന്ന ആക്ഷേപം കുടുംബത്തെ മാനസികമായി തകർത്തുവെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു.

മകൾ ഷാൾ ധരിച്ചുവരുന്നത് മറ്റ് കുട്ടികളിൽ ഭയമുണ്ടാക്കുമെന്ന്, സമാനമായ വേഷം ധരിച്ച കന്യാസ്ത്രീകളായ അധ്യാപകർ പറഞ്ഞത് മകളെ അങ്ങേയറ്റം തളർത്തി. ചില രാഷ്ട്രീയ പാർട്ടി നേതാക്കളും ജനപ്രതിനിധികളും മകളെയും എന്നെയും കുറ്റക്കാരാക്കി ചിത്രീകരിക്കുകയും ആവശ്യം പിൻവലിക്കാൻ സമ്മർദം ചെലുത്തുകയും ചെയ്തു. ഇത്തരം സമ്മർദങ്ങൾ താങ്ങാനാകാതെ മനോനില തന്നെ തകരാറിലാകുന്ന സ്ഥിതിയിലാണ് ഞങ്ങൾ. ന്യായമായ ആവശ്യമാണെങ്കിലും അതിന്റെ പേരിൽ രാഷ്ട്രീയവും വർഗീയവുമായ മുതലെടുപ്പിന് പലരും ശ്രമിക്കുന്നുവെന്നാണ് ഈ ദിവസങ്ങളിൽ ഞങ്ങൾ മനസ്സിലാക്കിയത്. അതിൽ സ്കൂളിലെ പിടിഎ പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടത്തിയ വർഗീയമായ ഇടപെടൽ എനിക്കുംഎൻറെ മകൾക്കും വലിയ മാനസികാഘാതമാണ് ഉണ്ടാക്കിയതെന്നും കുട്ടിയുടെ പിതാവ് ഫേസ്ബുപക്ക് പോസ്റ്റിൽ പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 944