17 October, 2025 09:47:06 AM
പള്ളുരുത്തി ഹിജാബ് വിവാദം; കുട്ടി ഇനി സെന്‍റ് റീത്താസിലേക്കില്ല; സ്‌കൂള്‍ മാറ്റുമെന്ന് പിതാവ്

കൊച്ചി: ഹിജാബ് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് ഹൈസ്‌കൂളില്‍ പഠനം തുടരാന്‍ താല്‍പ്പര്യമില്ലെന്ന് കുട്ടി അറിയിച്ചെന്ന് പിതാവ്. പരാതിക്കാരിയായ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ പിതാവാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്‌കൂള്‍ അധികൃതര്‍ ഇതുവരെ തന്നെ ബന്ധപ്പെട്ടിട്ടില്ല. ഈ സ്‌കൂളിലേക്ക് ഇനി കുട്ടിയെ വിടില്ലെന്നും പിതാവ് അറിയിച്ചു. കുട്ടി സ്‌കൂളില്‍ തുടരണമെന്ന് തന്നെയാണ് ആഗ്രഹമെന്നും, സ്‌കൂള്‍ നിബന്ധന പാലിച്ച് യൂണിഫോം അണിഞ്ഞ് സ്‌കൂളില്‍ പഠനം തുടരാമെന്നും സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഹിജാബ് ഇല്ലാതെ വരാമെന്ന് കുട്ടിയുടെ കുടുംബം സമ്മതപത്രം നല്‍കണമെന്നും നിര്‍ദേശിച്ചിരുന്നു. സ്‌കൂളിന്റെ നിയമാവലി അനുവദിച്ച് യൂണിഫോം ധരിച്ച് ക്ലാസില്‍ വന്നുകൊള്ളാമെന്ന് നേരത്തെ നടന്ന സമവായ ചര്‍ച്ചയില്‍ കുട്ടിയുടെ കുടുംബം അംഗീകരിച്ചിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ വിവാദത്തില്‍ സ്‌കൂളിനെതിരെ ശക്തമായ നിലപാടുമായി വിദ്യാഭ്യാസ വകുപ്പും മന്ത്രി വി ശിവന്‍കുട്ടിയും രംഗത്തു വന്നിരുന്നു. സ്‌കൂള്‍ മാനേജ്‌മെന്റിന് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. ഇതിനുശേഷമാണ് കുട്ടിയുടെ കുടുംബം സമവായ ചര്‍ച്ചയിലെ തീരുമാനത്തില്‍ നിന്നും പിന്മാറിയത്. മന്ത്രി പിന്തുണച്ചിട്ടും കുട്ടിയുടെ അവകാശങ്ങള്‍ സ്‌കൂള്‍ മാനേജ്‌മെന്റ് അംഗീകരിക്കാന്‍ കൂട്ടാക്കിയില്ലെന്നാണ് പിതാവ് ആരോപിക്കുന്നത്.