16 October, 2025 10:46:58 AM
'അപമാനിച്ച് പുറത്താക്കി, പറയാനുള്ളത് ഒരു ദിവസം പറയും'; തുറന്നടിച്ച് ചാണ്ടി ഉമ്മൻ

കോട്ടയം: യൂത്ത് കോണ്‍ഗ്രസ് പുനഃസംഘടനയില്‍ അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മന്‍ എംഎല്‍എ. യൂത്ത് കോണ്‍ഗ്രസ് നാഷണല്‍ ഔട്ട് റീച്ച് സെല്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ചാണ്ടി ഉമ്മനെ നീക്കിയത് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് പ്രതികരണം. ഉമ്മന്‍ചാണ്ടിയുടെ ഓര്‍മ്മദിനത്തില്‍ തന്നെ പാര്‍ട്ടി ചുമതലയില്‍ നിന്നും നീക്കിയെന്നും തനിക്ക് പറയാനുള്ളത് തിരഞ്ഞെടുപ്പിന് പിന്നാലെ തുറന്ന് പറയുമെന്നും ചാണ്ടി ഉമ്മന്‍ കോട്ടയത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.
യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായി ഓ ജെ ജനീഷിനെ പരിഗണിച്ചതില്‍ കോണ്‍ഗ്രസില്‍ അതൃപ്തി പുകയുന്നതിനിടെയാണ് ചാണ്ടി ഉമ്മന്റെ പ്രതികരണം. അബിന്‍ വര്‍ക്കിയെ അവഗണിച്ച് ഓ ജെ ജനീഷിനെ പരിഗണിച്ചതില്‍ കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പ് കടുത്ത വിയോജിപ്പാണുള്ളത്. ഇതിനിടെയാണ് ചാണ്ടി ഉമ്മനും നിലപാട് വ്യക്തമാക്കുന്നത്.
രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായിരിക്കെ വൈസ് പ്രസിഡന്റ് എന്ന നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന അബിനെ പരിഗണിച്ച് വേണമായിരുന്നു പുതിയ അധ്യക്ഷനെ തീരുമാനിക്കാന്‍. എന്നാല്‍ തീരുമാനം നടപ്പായ സാഹചര്യത്തില്‍ അതിനൊപ്പം നില്‍ക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്. സ്വാഭാവികമായ വിഷമം എല്ലാവര്‍ക്കും ഉണ്ടാകുമെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.
'അബിന്‍ കൂടുതല്‍ പരിഗണിക്കപ്പെടേണ്ട വ്യക്തിയാണ്. പല അഭിപ്രായങ്ങള്‍ വരുന്നത് സ്വാഭാവികം. പാര്‍ട്ടിയെടുത്ത തീരുമാനത്തിലെ കാര്യകാര്യങ്ങളിലേക്ക് കടക്കുന്നില്ല. അബിന്‍ അര്‍ഹതയുള്ള വ്യക്തിയാണ്. പതിറ്റാണ്ടുകളായി വര്‍ക്ക് ചെയ്യുന്ന നേതാവാണ്. താഴെത്തട്ടില്‍ നിന്നും പ്രവര്‍ത്തിച്ചുവന്ന നേതാവാണ്. അദ്ദേഹത്തിന്റെ കൂടി അഭിപ്രായം പരിഗണിച്ച് വേണമായിരുന്നു തീരുമാനമെടുക്കാന്‍', ചാണ്ടി ഉമ്മന്‍ പറഞ്ഞു.
'എന്റെ പിതാവിന്റെ ഓര്‍മദിവസമായിരുന്നു എന്നെ ദേശിയ ഔട്ട് റീച്ച് സെൽ ചുമതലയിൽ നിന്ന് നീക്കിയത്. വലിയ മാനസിക വിഷമം ഉണ്ടാക്കിയ നടപടി ആയിരുന്നു ഇത്. തീരുമാനം എടുക്കും മുന്‍പ് ഒരു ചോദ്യം പോലും തന്നോട് ചോദിച്ചിട്ടില്ല. പറഞ്ഞിരുന്നെങ്കില്‍ രാജിവെച്ച് ഒഴിഞ്ഞേനെ. എന്നെ അപമാനിക്കുന്ന രീതിയിലാണ് പുറത്താക്കിയത്. ഇത്തരം ഒരു നടപടിക്ക് കാരണം എന്താണെന്ന് എല്ലാവര്‍ക്കും അറിയാം. അതാരാണെന്ന് ഇപ്പോൾ പറയുന്നില്ല. ഒരു ദിവസം ഞാന്‍ പറയും. തിരഞ്ഞെടുപ്പ് കഴിയട്ടെ' എന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.